ന്യൂഡൽഹി
കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ ലളിതമായ മാർഗരേഖ പുറപ്പെടുവിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തി രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം മരിച്ചാലും ആശുപത്രിയിലോ വീട്ടിലോ മരിച്ചാലും കോവിഡിനെ തുടർന്നുള്ള മറ്റ് സങ്കീർണതകൾ കാരണം മരിച്ചാലും –- മരണകാരണം കോവിഡാണെന്ന് വ്യക്തമാക്കുന്ന മരണസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നത് പോലെയുള്ള വ്യവസ്ഥകൾ മാർഗനിർദേശത്തിൽ ഉൾപ്പെടുത്താമെന്ന് ജസ്റ്റിസുമാരായ അശോക്ഭൂഷൺ, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു.
മരണസർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ബന്ധുക്കളുടെ പരാതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ അവസരമുണ്ടാക്കണം. കൃത്യമായ മരണകാരണം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ അധികൃതർക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേ വിധിയിലാണ് ഈ നിർദേശമുള്ളത്.