ന്യൂഡൽഹി
യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങളിൽ ഏഴെണ്ണവും സ്വിറ്റ്സർലൻഡും ഐസ്ലൻഡും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന് അംഗീകാരം നൽകി. ഓസ്ട്രിയ, ജർമനി, സ്ലോവേനിയ, ഗ്രീസ്, സ്പെയിൻ, അയർലൻഡ്, എസ്റ്റോണിയ എന്നിവയാണ് കോവിഷീൽഡിന് പച്ചക്കൊടി കാണിച്ച ഇയു അംഗങ്ങൾ. യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) കോവിഷീൽഡിന് അംഗീകാരം നൽകാൻ തയാറായിട്ടില്ല. ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാൽ പ്രതിഷേധം ശക്തമായിരുന്നു. മൊഡേണ, കോമിർനാട്ടി (ഫൈസർ), വാക്സെർവ്രിയ, ജാൻസെൺ എന്നിവമാത്രമാണ് ഇഎംഎ അംഗീകരിച്ച വാക്സിനുകൾ. ഇവ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ ഉടനീളം തടസ്സമില്ലാതെ സഞ്ചരിക്കാൻ ‘ഗ്രീൻ പാസ്’ ലഭിക്കും. അല്ലാത്തവർ ഓരോ രാജ്യത്തെയും പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണം.
വാക്സെർവ്രിയയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് ഇഎംഎ അംഗീകാരം നൽകാത്തത് പ്രതിഷേധത്തിന് കാരണമായി. ഈ സാഹചര്യത്തിലാണ് ഓരോ രാജ്യത്തിനും സ്വയം തീരുമാനം എടുക്കാമെന്ന് ഇയു നിർദേശം നൽകിയത്. ഗ്രീൻ പാസിനു പിന്നിലുള്ള ‘വാക്സിൻ പാസ്പോർട്ട്’ എന്ന ആശയത്തെയും ഇന്ത്യ എതിർക്കുന്നു. മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇത്തരം നടപടി വിവേചനപരമാണെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധൻ പറഞ്ഞു. യൂറോപ്യൻ യൂണിയൻ കോവിഷീൽഡിനും കോവാക്സിനും അംഗീകാരം നൽകാത്തപക്ഷം, അംഗരാജ്യങ്ങളിൽനിന്ന് ഇവിടെയെത്തുന്നവർക്ക് നിർബന്ധിത സമ്പർക്ക വിലക്ക് ഏർപ്പെടുത്തുമെന്ന് ഇന്ത്യ നിലപാടെടുത്തെന്ന് വിദേശമന്ത്രാലയം വൃത്തങ്ങൾ അവകാശപ്പെട്ടു.