ന്യൂഡൽഹി
രാജ്യത്ത് പല സംസ്ഥാനത്തും വീണ്ടും കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. ഒഡിഷയിൽ 16 ജില്ലയിൽ വ്യാഴാഴ്ച കുത്തിവയ്പ് നിർത്തിവച്ചു. മുംബൈയിൽ സർക്കാർ കുത്തിവയ്പ് കേന്ദ്രങ്ങൾ പൂർണമായും അടച്ചിട്ടു. ഒഡിഷയിൽ ജൂൺ 21–-30 കാലയളവിൽ 30 ലക്ഷം ഡോസ് വാക്സിൻ കുത്തിവയ്പ് ലക്ഷ്യമിട്ട സ്ഥാനത്ത് 16.63 ലക്ഷം ഡോസുമാത്രമാണ് കുത്തിവച്ചത്.
ഒഡിഷയിൽ 10 ജില്ലയിൽ വ്യാഴാഴ്ച കുത്തിവയ്പ് ആരംഭിച്ചശേഷം വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ നിർത്തിവച്ചു. ചില ജില്ലകളിൽ കുത്തിവയ്പ് നടന്നില്ല. ബുധനാഴ്ച 11 ജില്ലയിൽ കുത്തിവയ്പ് മുടങ്ങി. സംസ്ഥാനത്ത് 19,510 കോവിഷീൽഡ് ഡോസും 3.25 ലക്ഷം കോവാക്സിൻ ഡോസുമാണ് ശേഷിക്കുന്നത്.
മുംബൈയിൽ വ്യാഴാഴ്ച സർക്കാർ കേന്ദ്രങ്ങളിലെ കുത്തിവയ്പ് പൂർണമായും ഉപേക്ഷിച്ചു. രണ്ടാം ഡോസുകാർക്കുപോലും വാക്സിൻ നൽകാനായില്ല. പലർക്കും പണം മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു. കുത്തിവയ്പ് എപ്പോൾ പുനരാരംഭിക്കുമെന്ന് മുംബൈ കോർപറേഷൻ വ്യക്തമാക്കിയിട്ടില്ല. വാക്സിൻ ലഭ്യത കൂടിയതിനാൽ ജൂൺ 21–-30 കാലയളവിൽ 30 ലക്ഷം വാക്സിൻ ഡോസ് കുത്തിവയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ 10 ദിവസത്തിൽ 16.63 ലക്ഷം ഡോസ് മാത്രമാണ് കുത്തിവച്ചത്. ലക്ഷ്യമിട്ടതിലും 45 ശതമാനം കുറവ്. ബുധനാഴ്ച 14,551 ഡോസ് മാത്രമാണ് കുത്തിവച്ചത്.