ന്യൂഡൽഹി
ജമ്മു കശ്മീരിൽ എല്ലാ വർഷവും പതിവുള്ള ദർബാർ നീക്കം അവസാനിപ്പിച്ചു. ശൈത്യകാലത്ത് ജമ്മുവിലും വേനലിൽ ശ്രീനഗറിലുമായി ആറുമാസം കൂടുമ്പോഴുള്ള തലസ്ഥാനം മാറലാണ് ദർബാർ നീക്കമെന്ന് അറിയപ്പെട്ടിരുന്നത്. പൂർണമായും ഇ–-ഓഫീസ് സൗകര്യത്തിലേക്ക് മാറിയ സാഹചര്യത്തിൽ ദർബാർ നീക്കത്തിന്റെ ആവശ്യമില്ലെന്ന് ലെഫ്. ഗവർണർ മനോജ് സിൻഹ അറിയിച്ചു. ദർബാർ നീക്കത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന പ്രത്യേക താമസസൗകര്യവും ഒഴിവാക്കി. ദർബാർ നീക്കം അവസാനിപ്പിച്ചതോടെ പ്രതിവർഷം 200 കോടി രൂപ ലാഭിക്കാം. സർക്കാർ ജീവനക്കാർ ജമ്മുവിലും ശ്രീനഗറിലുമായി തുടരും.
ഒരു ഭീകരൻ കൂടി
കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. ഒരു ഭീകരൻ കീഴടങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കുൽഗാമിലെ ചിമ്മർ മേഖലയിലാണ് ഒരുദിവസം നീണ്ട ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെതുടർന്ന് സുരക്ഷാസേന തെരച്ചിലാരംഭിച്ചപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. രജൗരിയിലെ സുന്ദർബനിയിലും ഏറ്റുമുട്ടലുണ്ടായി. ഒരു സൈനികന് പരിക്കേറ്റു.
നിയന്ത്രണരേഖയോട് ചേർന്ന് ദാദൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ. ആയുധധാരികളെ തേടി സുരക്ഷാസേന എത്തുകയായിരുന്നു. ഈ വർഷം ഇതുവരെ ജമ്മു കശ്മീരിൽ 13 സുരക്ഷാഭടന്മാർ ഭീകരരുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴുപേർ ജമ്മു കശ്മീർ പൊലീസിൽനിന്നാണ്. കൂടാതെ മൂന്ന് സിആർപിഎഫുകാരും മൂന്ന് കരസേനാംഗങ്ങളും മരിച്ചു.