ന്യൂഡൽഹി
യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഏജൻസി(ഇഎംഎ) അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽനിന്ന് കോവിഷീൽഡ് പുറത്ത്. കോവിഷീൽഡ് എടുത്തവർക്ക് നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാനുള്ള ‘വാക്സിൻ പാസ്പോർട്ട്’ ആയ ‘ഗ്രീൻ പാസ്’ ലഭിക്കില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഉടൻ യാത്ര ചെയ്യാമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയാണിത്.
കോവിഷീൽഡിനു അംഗീകാരം ആവശ്യപ്പെട്ട് വാക്സിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സമീപിച്ചിട്ടില്ലെന്നാണ് ഇഎംഎയുടെ വിശദീകരണം. അതേസമയം കോവിഷീൽഡിന്റെ അതേ ഇനമായ ഓക്സ്ഫഡ്–-അസ്ട്രാസെനെക്കയുടെ ‘വാക്സെവ്രിയ’ ഇഎംഎ അംഗീകരിച്ചിട്ടുണ്ട്.കോമിർനാട്ടി(ഫൈസർ), സ്പൈക്വാക്സ്(മൊഡേണ), ജാൻസെൺ എന്നിവയാണ് ഇഎംഎ അംഗീകരിച്ച ഇതര വാക്സിനുകൾ.
യൂറോപ്യൻ യൂണിയന്റെ ഈ നിബന്ധന വിവേചനപരമാണെന്ന് ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു. പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂണെവാല പറഞ്ഞു.