ന്യൂഡൽഹി
ദുരഭിമാനം വെടിഞ്ഞ് കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് കർഷകപ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. പകരം മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണം.
കാർഷിക നിയമങ്ങൾക്കെതിരെ ബിജെപിക്കുള്ളിൽത്തന്നെ അമർഷം പുകയുകയാണ്. ഹരിയാനയിൽ മുൻ മന്ത്രി സമ്പത്ത് സിങ് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം വേണ്ടെന്നുവച്ചു. കർഷകസമരത്തെ പിന്തുണയ്ക്കുന്നതായി പറഞ്ഞ സിങ്, ബിജെപി അധ്യക്ഷൻ ഒ പി ദങ്കറിനുള്ള കത്തിൽ സമരത്തെക്കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ട്.
ഹരിയാനയിൽ ബിജെപി നേതാക്കളെ ബഹിഷ്കരിക്കുന്നതും പ്രതിഷേധവും ശക്തമായി തുടരുന്നു. പഞ്ചാബിലും നേതാക്കൾ സമരത്തിന് അനുകൂലമായി രംഗത്തെത്തി. കർഷകസമരം തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചതായി യുപിയിലെ നേതാക്കൾ പറയുന്നു–- കിസാൻ മോർച്ച ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങളുടെ പേരിൽ അമൃത്സറിൽനിന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഗുർജോത് സിങ്ങിനെ മെട്രോ പൊളിറ്റൻ മജിസ്ട്രേട്ട് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.