വാഷിങ്ടൺ
കിഴക്കൻ സിറിയയിലെ അമേരിക്കൻ സൈന്യത്തിനുനേരെ റോക്കറ്റ് ആക്രമണം. ആളപായമില്ല. ഞായറാഴ്ച സിറിയ–- ഇറാഖ് അതിർത്തിയിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് തിരിച്ചടി. ഇറാൻ സഹായമുള്ളവരാണ് ആക്രമിച്ചതെന്ന് പെന്റഗൺ ആരോപിച്ചു. തിങ്കളാഴ്ച രാത്രി 7.44 ഓടെയാണ് റോക്കറ്റ് ആക്രമണമുണ്ടായതെന്നും നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും യുഎസ് സൈനിക വക്താവ് അറിയിച്ചു.
അതിർത്തിയിലെ അമേരിക്കൻ ആക്രമണത്തെ ഇറാഖ് സൈന്യം ശക്തമായി അപലപിച്ചിരുന്നു. തിരിച്ചടിക്കുമെന്നും സായുധസംഘടനകൾ പറഞ്ഞിരുന്നു. കതായിബ് ഹിസ്ബുള്ള, കതായിബ് സയീദ് അൽ ഷുഹാദ തുടങ്ങിയ സംഘടനകളുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് യുഎസ് ആക്രമണം നടത്തിയത്. ജോ ബൈഡൻ അധികാരത്തിലേറിയശേഷം രണ്ടാം തവണയാണ് അമേരിക്ക വ്യോമാക്രമണം നടത്തുന്നത്.