ന്യൂഡൽഹി
വർഗീയത ഇളക്കിവിട്ട് കർഷകസമരത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് താക്കീതായി ഡൽഹിയോട് ചേർന്നുള്ള മേവത്ത് മേഖലയിൽ ആയിരങ്ങൾ പങ്കെടുത്ത് മതസൗഹാർദ മഹാപഞ്ചായത്ത്. ഹരിയാന–- രാജസ്ഥാൻ അതിർത്തിയായ സുനേഹ്ര അതിർത്തിയിലാണ് സംയുക്ത കിസാൻമോർച്ചയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ദാവ്ളെ, നേതാക്കളായ പി കൃഷ്ണപ്രസാദ്, ഇന്ദർജിത്ത് സിങ്, കിസാൻമോർച്ച നേതാക്കളായ ദർശൻപാൽ, യോഗേന്ദ്ര യാദവ്, ഗുർണാംസിങ് ചരുണി തുടങ്ങിയവർ സംസാരിച്ചു.
ഹരിയാനയിലെ നൂഹ്, രാജസ്ഥാനിലെ അൽവാർ, ഭരത്പ്പുർ, യുപിയിലെ മഥുര എന്നീ ജില്ലകൾ ചേർന്നതാണ് മേവത്ത് മേഖല. ന്യൂനപക്ഷ വിഭാഗക്കാരായ കർഷകത്തൊഴിലാളികൾ കൂടുതലായുള്ള ഇവിടെ ചില അനിഷ്ട സംഭവങ്ങളുടെ മറവിലാണ് ആർഎസ്എസ് നേതൃത്വത്തിൽ വർഗീയ ധ്രുവീകരണത്തിനും കർഷക സമരത്തെ ദുർബലപ്പെടുത്താനും ശ്രമിച്ചത്. ഒരു സംഘർഷത്തിൽ ആസിഫ് എന്ന യുവാവ് അടുത്തയിടെ കൊല്ലപ്പെട്ടു. ഈ വിഷയത്തിൽ കുറ്റക്കാരെ സംരക്ഷിക്കാൻ സംഘപരിവാർ മഹാപഞ്ചായത്തുപോലും സംഘടിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ് ജുനൈദ് എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് സംഭവത്തെയും വർഗീയവൽക്കരിച്ച് കർഷകർക്കിടയിൽ മതപരമായ ഭിന്നിപ്പിനായിരുന്നു സംഘപരിവാർ ശ്രമം.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഐക്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സുനേഹ്ര അതിർത്തിയിലെ മഹാപഞ്ചായത്ത്. ഹിന്ദു, മുസ്ലിം, സിഖ് തുടങ്ങി മതവ്യത്യാസങ്ങളില്ലാതെ ആയിരങ്ങൾ രാജസ്ഥാൻ–- ഹരിയാന മേഖലകളിൽനിന്ന് മഹാപഞ്ചായത്തിനെത്തി.