ബീജിങ്
നിർമാണം പൂർത്തിയായാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വൈദ്യുതനിലയമെന്ന ഖ്യാതി കാത്തിരിക്കുന്ന ചെെനയിലെ ബൈഹെതാൻ നിലയത്തിൽ ഉൽപ്പാദനം തുടങ്ങി. രണ്ട് യൂണിറ്റാണ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചത്. ആകെ 16 യൂണിറ്റാണ് നിലയത്തിലുള്ളത്. ഓരോന്നും 10 ലക്ഷം കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്. ചെെനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 100–-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രവർത്തനം ആരംഭിച്ചത്.
ചെെനയിലെ ജലവൈദ്യുതി നിർമാണമേഖലയിൽ വലിയ നാഴികക്കല്ലാണ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യലിസ്റ്റ് വികസന മാതൃകയുടെ പകിട്ടേറ്റുന്നതാണിത്.
യാങ്സി നദിയുടെ മേൽഭാഗമായ ജിൻഷാ നദിയിലാണ് നിലയം സ്ഥിതിചെയ്യുന്നത്. യുനാൻ, സിചുവാൻ പ്രവിശ്യകളും പദ്ധതി പ്രദേശത്തിൽ ഉൾപ്പെടും. നിലവിൽ ലോകത്ത് ഇതിലും മികച്ച ഒരു സ്റ്റേഷൻ ഇല്ലെന്ന് ബെെഹെതാൻ ജലവൈദ്യുതനിലയം ചീഫ് എൻജിനിയർ ചെൻ ജിയാൻലിൻ പറഞ്ഞു.
ജനറേറ്ററിന് ഈഫലിന്റെ ഭാരം
2017ൽ നിർമാണം ആരംഭിച്ച പദ്ധതി 2022 ജൂലെെയിൽ പൂർത്തിയാക്കും. ആകെ ചെലവ് 3.4 കോടി ഡോളറാണ്. പദ്ധതിക്കായി ചെെന നിർമിച്ചത് 10 ലക്ഷം കിലോവാട്ടിന്റെ ജനറേറ്ററാണ്. ഇതിന് 8000 ടൺ ഭാരവും 50 മീറ്റർ ഉയരവുമുണ്ട്. ഈഫൽ ടവറിന്റെ ഭാരത്തിന് സമാനമാണിത്. പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ മണിക്കൂറിൽ 6240 കിലോവാട്ട് വെദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. യുഎസിലെ ഹൂവർ ഡാമിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നതിന്റെ 15 ഇരട്ടി. ചെെനയിലെ ത്രീ ഗോർജസ് ഡാമാണ് ഏറ്റവും വലുത്.