കൊൽക്കത്ത
ജനങ്ങളുടെ ജീവൻ പണയംവച്ച് വ്യാജ കോവിഡ് വാക്സിനേഷൻ നടത്താൻ കൂട്ടുനിന്ന എല്ലാവരെയും അറസ്റ്റു ചെയ്യണമെന്നും എല്ലാവർക്കും സൗജന്യ വാക്സിൻ നൽകണമെന്നും ആവശ്യപ്പെട്ട് കൊൽക്കത്തയിൽ ഇടതു മുന്നണിയുടെയും വിദ്യാർഥി യുവജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ വൻ പ്രക്ഷോഭം. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ, ആരോഗ്യ വിഭാഗം ആസ്ഥാനമായ ആരോഗ്യ ഭവൻ, പൊലീസ് സ്റ്റേഷനുകൾ എന്നിവയ്ക്കു മുന്നിൽ പ്രകടനവും ധർണയും നടത്തി. കോർപറേഷന്റെ മുമ്പിൽ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധിപേരെ അറസ്റ്റു ചെയ്തു. വ്യാജ വാക്സിനേഷൻ ക്യാമ്പ് നടന്ന കസ്ബയിൽ പൊലീസ് സ്റ്റേഷനുമുമ്പിൽ പ്രകടനത്തിനും ധർണയ്ക്കും നേതൃത്വം നൽകിയ സിപിഐ എം കൊൽക്കത്ത ജില്ലാ സെക്രട്ടറി കല്ലോൽ മജുംദാർ ഉൾപ്പെടെ നിരവധി പേരെ പൊലീസ് തടഞ്ഞുവച്ചു. ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ വൻ തട്ടിപ്പാണ് വാക്സിന്റെ പേരിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖർജി പറഞ്ഞു. ചൊവ്വാഴ്ചയും പ്രതിഷേധം തുടരും.
മഹാമാരിക്കാലത്ത് വാക്സിൻ തട്ടിപ്പുനടത്തിയവർക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമർത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പ്രസ്താവനയിൽ പറഞ്ഞു. ദേബാഞ്ജൻ ദേബ് എന്നയാൾ ഐഎഎസ് ഓഫീസറായി ഭാവിച്ച് നടത്തിയ വ്യാജ വാക്സിനേഷൻ ക്യാമ്പുകളിൽ എംപിയടക്കം തൃണമൂൽ നേതാക്കളും പങ്കെടുത്തു. കഴിഞ്ഞവർഷം ഇയാൾ നടത്തിയ ആരോഗ്യ ക്യാമ്പുകളിലും തൃണമൂൽ മന്ത്രിമാരും എംപിമാരും എംഎൽഎമാരും മറ്റും പങ്കെടുത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്.