ന്യൂഡൽഹി
ജമ്മു വ്യോമതാവളത്തിനുനേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ ഡ്രോണാക്രമണത്തിന് പിന്നാലെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി രണ്ട് ഡ്രോൺകൂടി പറന്നു. ജമ്മുവിന് സമീപം കാലുചക്കിലെ മിലിട്ടറി സ്റ്റേഷന് സമീപമാണ് രാത്രി 11.30 ഓടെയും രണ്ടാം ഡ്രോൺ പുലർച്ചെ 1.30 ഓടെയും പറന്നത്. സൈന്യത്തിന്റെ ദ്രുതപ്രതികരണ വിഭാഗം തുടർച്ചയായി വെടിവച്ചതോടെ ഡ്രോണുകൾ പിൻവലിക്കപ്പെട്ടു. വലിയ ഭീഷണിയാണ് ഒഴിവായതെന്ന് കരസേന അറിയിച്ചു. കൂടുതൽ തെരച്ചിൽ നടന്നുവരികയാണ്.
തിങ്കളാഴ്ച ശ്രീനഗറിന് സമീപം പാരിംപുരയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഡിവൈഎസ്പി അടക്കം മൂന്ന് സിആർപിഎഫുകാർക്ക് പരിക്കേറ്റു. ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേഖല ഒഴിപ്പിച്ച് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചിരുന്നു. ഒളിയിടത്തിന് സമീപമെത്തിയപ്പോൾ ഭീകരർ വെടിവയ്പാരംഭിച്ചു. ഏറ്റുമുട്ടൽ വൈകിയും തുടരുകയാണ്. പാരിംപുര ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെ മുതിർന്ന ലഷ്കർ കമാൻഡർ നദീം അബ്രാറും കൂട്ടാളിയും പിടിയിലായി. നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച നദീമിനെ പിടികൂടാനായത് നേട്ടമാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
ഇതിനിടെ, ഞായറാഴ്ച രാത്രി പുൽവാമയിൽ ഭീകരരുടെ ആക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറും ഭാര്യയും മകളും മരിച്ചു. എസ്പിഒ ഫയാസ് അഹമ്മദിന്റെ വീട്ടിലേക്ക് ഭീകരർ ഇരച്ചുകയറി വെടിവയ്ക്കുകയായിരുന്നു.
ലഷ്കറെന്ന് സംശയം
ജമ്മു വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഷ്കറെ തയ്ബ ഭീകരരാണെന്ന വിലയിരുത്തലിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണം രാജ്യത്ത് ആദ്യമാണ്. അതിർത്തിയിൽനിന്ന് 14.5 കിലോമീറ്റർ പറന്നെത്തിയാണ് വിമാനത്താവളം കൂടി പ്രവർത്തിക്കുന്ന ജമ്മുവിലെ വ്യോമതാവളത്തിൽ ഡ്രോണുകൾ രണ്ട് ബോംബിട്ടത്. ആക്രമണത്തിനുശേഷം മടങ്ങുകയും ചെയ്തു.
വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളും (എടിസി) നിർത്തിയിട്ടിരുന്ന വ്യോമസേനാ ഹെലികോപ്ടറുമാണ് ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നത്. എന്നാൽ, ലക്ഷ്യം മാറി ഒരു കെട്ടിടത്തിന് മുകളിലും തുറസ്സായ സ്ഥലത്തുമാണ് ബോംബുകൾ പതിച്ചത്. ആദ്യ സ്ഫോടനം എടിസിയിൽനിന്ന് 35 അടി മാറിയാണ്. രണ്ടാം സ്ഫോടനം ഹെലികോപ്ടറിൽനിന്ന് ഏതാണ്ട് ഇതേ അകലത്തിലാണ്. രണ്ട് ബോംബിലും 5–-6 കിലോ ആർഡിഎക്സ് വീതം ഉപയോഗിച്ചിട്ടുണ്ട്.
അക്ഷാംശവും രേഖാംശവും നിർണയിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനം തെരഞ്ഞെടുത്തത്. ലക്ഷ്യം കൃത്യമായി നിർണയിക്കുന്നതിൽ വന്ന പാളിച്ചയോ, ശക്തമായ കാറ്റോ ആകാം ഉന്നം തെറ്റാൻ കാരണമെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. 2019 ഓഗസ്റ്റിൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം 300ൽപരം ഡ്രോണുകളും പറക്കുന്ന അജ്ഞാത വസ്തുക്കളും അതിർത്തിയിൽ കണ്ടതായി സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മു മേഖലയിൽ ആയുധങ്ങളും മറ്റും ഇടാൻ 14 വട്ടം ഡ്രോൺ ഉപയോഗിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
ലഷ്കറാണ് കൂടുതലായും ഡ്രോണുകൾ ഉപയോഗിച്ചിട്ടുള്ളത്. രണ്ടുവട്ടം ജെയ്ഷെയും ഡ്രോണുകൾ ഉപയോഗിച്ച് ആയുധം കടത്തി. സാംബ മേഖലയിലാണ് ഡ്രോണുകൾ കൂടുതലായി എത്തിയത്–- ആറു വട്ടം. ആയുധ വിതരണത്തിനൊപ്പം മയക്കുമരുന്നും ഡ്രോണുകളിലൂടെ അതിർത്തി കടത്തുന്നുണ്ട്. കശ്മീരിലെ രാഷ്ട്രീയ പാർടികളുമായി കേന്ദ്രം ചർച്ചയാരംഭിച്ചതിന് പിന്നാലെയാണ് ആക്രമണം എന്നത് സുരക്ഷാഏജൻസികൾ ഗൗരവമായി കാണുന്നു. കശ്മീരിനെ അശാന്തമായി നിലനിർത്താൻ ലഷ്കർ പോലുള്ള ഭീകരസംഘടനകൾ തീവ്രമായി താൽപ്പര്യപ്പെടുന്നതായാണ് വിലയിരുത്തൽ.
താഴ്വരയിൽ ഭീകരാക്രമണങ്ങളിൽ പെട്ടെന്നുണ്ടായ വർധനയും ഇത് അടിവരയിടുന്നു. അതേസമയം ജമ്മു–-കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഗുപ്കാർ സഖ്യം നേതാക്കൾക്ക് പിന്നാലെ വിമത കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും മുന്നോട്ടുവച്ചു. മണ്ഡല പുനർനിർണയവും നിയമസഭാ തെരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിച്ചതിനുശേഷം മതിയെന്ന് ഗുലാംനബി വ്യക്തമാക്കി.