കൊച്ചി: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്നും കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അനേകം കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാൽ സമീപകാലത്ത് നമ്മുടെ കായികതാരംങ്ങൾക്കു ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച് പഠനം നടത്തും.
മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴു കോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ട്. വാട്ടർ സ്പോർട്സിനു ഏറ്റവും സാധ്യതത്തുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കും. കോവിഡാനന്തര കാലഘട്ടത്തിൽ കായികക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളേജ് തലത്തിൽ വരെ അതിനു ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാനത്ത് ആദ്യമായി ജില്ലയിൽ വനിതകൾക്കായി പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കും. കൂടാതെ കായിക യുവജന കാര്യാലയത്തിന്റെ റീജിയണൽ ഓഫീസും ജില്ലയിൽ ആരംഭിക്കും. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിൽ നാം പിന്നോക്കമാണ്. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പേരിൽ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഈ സാമ്പത്തിക വർഷം സ്ഥാപനം പ്രവർത്തനം ആരംഭിക്കും. മാത്രമല്ല സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ സജീവമാക്കും. കായികാടിസ്ഥാന വികസനത്തിനായി മുൻ സർക്കാർ 850 കോടി രൂപയാണ് വിനയോഗിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം ഒരുക്കും. കായികരംഗത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെപോലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന രീതിയിൽ മാറ്റി എടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ കായിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, പി.ടി. തോമസ്, കെ.ജെ. മാക്സി, പി.വി. ശ്രീനിജിൻ, കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, ജിസിഡിഎ ചെയർമാൻ വി. സലിം, ജില്ലാ കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights;Minister V Abdurahiman Kochi