ന്യൂഡൽഹി
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ കോവിഡ് സാമ്പത്തിക ഉത്തേജന പദ്ധതിയിലും ഊന്നൽ സ്വകാര്യവൽക്കരണത്തിന്. വൈദ്യുതിവിതരണ മേഖലയുടെയും ബ്രോഡ്ബാൻഡ് ശൃംഖലയുടെയും പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നു. പൊതുആസ്തി വിൽപ്പനയ്ക്കും സ്വകാര്യപങ്കാളിത്ത പദ്ധതികൾക്കും ഗതിവേഗം കൂട്ടും. അതേസമയം, ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റാൻ സർക്കാർ തയ്യാറല്ല.
പരിഷ്കാരങ്ങൾ നടപ്പാക്കാൻ വൈദ്യുതിവിതരണ കമ്പനികൾക്ക് 3.03 ലക്ഷം കോടി രൂപ ലഭ്യമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി കേന്ദ്രം 97,631 കോടി രൂപ ചെലവിടും. വൈദ്യുതിമേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് നിശ്ചിത പരിധിയേക്കാൾ 0.5 ശതമാനം കൂടുതൽ വായ്പ എടുക്കാൻ അനുമതി നൽകും. വൈദ്യുതിവിതരണ മേഖലയിൽ പൂർണമായ ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനങ്ങൾ. രാജ്യത്തെ എല്ലാ ഗ്രാമത്തിലും ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കാനുള്ള പദ്ധതിയും പൊതു–-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് നടപ്പാക്കുക. ആയിരം ദിവസത്തിനകം എല്ലാ ഗ്രാമത്തിലും ബ്രോഡ്ബാൻഡ് കണക്ഷൻ എത്തിക്കുമെന്ന് 2020 ആഗസ്ത് 15ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആത്മനിർഭർ പദ്ധതി എന്ന പേരിൽ നേരത്തേ പ്രഖ്യാപിച്ച പദ്ധതികളിൽ ബഹിരാകാശ ഗവേഷണം, ആണവോർജം ഉൾപ്പെടെ സർവ മേഖലയിലും സ്വകാര്യവൽക്കരണമാണ് അജൻഡ.
6.28 ലക്ഷം കോടിയുടെ ഉത്തേജനപദ്ധതി നടപ്പാക്കും: ധനമന്ത്രി
കോവിഡ് ബാധിത മേഖലകളിൽ 6.28 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനപദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിൽ ഏറിയപങ്കും സർക്കാർ നേരിട്ട് പണം ചെലവഴിക്കുന്നതല്ല. ബാങ്ക് വായ്പകൾ വഴി പണം ലഭ്യമാക്കാനാണ് പരിപാടി. ഇതിന്റെ ഭാഗമായ ചില പദ്ധതികൾ മുമ്പ് പ്രഖ്യാപിച്ചതുമാണ്.
മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ 1.25 ലക്ഷം കോടിയോളം രൂപ 25 ലക്ഷത്തിൽപരം പേർക്ക് വായ്പ നൽകും. പരമാവധി മൂന്ന് വർഷത്തേക്കാണ് വായ്പ. ഇതിൽ 80 ശതമാനം വായ്പയും റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന പരമാവധി പലിശനിരക്കിനെക്കാൾ രണ്ട് ശതമാനം കുറച്ച് നൽകും.
ആരോഗ്യമേഖലയിൽ 50,000 കോടി;
വിനോദസഞ്ചാര മേഖലയ്ക്ക് വായ്പ
ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യപദ്ധതികൾക്കായി 50,000 കോടി രൂപയും ഇതര മേഖലകളിൽ 60,000 കോടി രൂപയും വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾക്ക് 10 ലക്ഷം രൂപവരെയും ഗൈഡുകൾക്ക് ലക്ഷം വരെയും മൂലധന, വ്യക്തിഗത വായ്പകൾ ലഭ്യമാക്കും. അഞ്ച് ലക്ഷം സൗജന്യ ടൂറിസ്റ്റ് വിസ നൽകും. 2022 മാർച്ച് 31 വരെയോ വിസ അഞ്ച് ലക്ഷമാവുന്നതുവരെയോ ആയിരിക്കും ഈ പദ്ധതി. 100 കോടി രൂപയുടെ ഇടപാടുകൾ ഇതുവഴി പ്രതീക്ഷിക്കുന്നു.
വൈദ്യുതിവിതരണ മേഖലയിൽ പരിഷ്കാരങ്ങൾക്കായി 3.03 ലക്ഷം കോടി രൂപ ലഭ്യമാക്കും. ഇതിൽ കേന്ദ്രവിഹിതം 97,631 കോടി രൂപയാണ്. ജനവാസമുള്ള എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാൻഡ് കണക്ഷൻ എത്തിക്കാൻ 19000 കോടി രൂപ ചെലവിടും. 16 സംസ്ഥാനത്ത് സ്വകാര്യപങ്കാളിത്തത്തോടെയാണ് ഭാരത് നെറ്റ് പദ്ധതി നടപ്പാക്കുക.