തിരുവനന്തപുരം
യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയെന്ന് സൂചന. എം എം ഹസ്സൻ തുടരട്ടെയെന്നാണ് തീരുമാനം. മുസ്ലിം പ്രാതിനിധ്യത്തിന്റെ പേരുപറഞ്ഞാണ് സംസ്ഥാന നേതാക്കൾ മുരളീധരനെതിരെ കൈകോർത്തത്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലടക്കം നീരസമുള്ള ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനെതിരായ നീക്കത്തിൽ വി ഡി സതീശനോടും കെ സുധാകരനോടും ഒപ്പം ചേരുകയായിരുന്നു. കെ മുരളീധരന്റെ പേരിന് കൺവീനർസ്ഥാനത്തേക്ക് മുൻതൂക്കമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്താതിരിക്കാനുള്ള ചരടുവലി പിന്നീട് അരങ്ങേറി.
ഗ്രൂപ്പ് സമ്മർദത്തിന് വഴങ്ങില്ലെന്ന് സൂചന നൽകിയാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും ഹൈക്കാമാൻഡ് നിശ്ചയിച്ചത്. കൺവീനർ സ്ഥാനത്തേക്കും പുതിയ ആളെന്ന ചർച്ച സജീവമായി. മുരളീധരന്റെ പേരിനൊപ്പം കെ വി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ് തുടങ്ങിയവർക്കായും സമ്മർദം മുറുകി. സംസ്ഥാന നേതാക്കൾക്കിടയിൽ ചർച്ച നടന്നെങ്കിലും യുഡിഎഫ് ഘടകകക്ഷികളുമായി ഹൈക്കമാൻഡ് കൂടിയാലോചന നടത്തിയില്ല. തെക്കൻ കേരളത്തിലെ മുസ്ലിം വോട്ടർമാരെ ചേർത്തുനിറുത്താൻ ഹസ്സൻ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയർത്തി. ഇതോടെയാണ് മുരളീധരന്റെ സാധ്യത മങ്ങിയത്. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചയ്ക്കായി മുതിർന്ന നേതാക്കൾ ജൂലൈ രണ്ടിന് ഇന്ദിരാഭവനിൽ വീണ്ടും യോഗം ചേരും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന നേതാക്കളുടെ യോഗമാണ് വീണ്ടും വിളിച്ചത്.
ഈ യോഗത്തിന് കെ മുരളീധരൻ, വി എം സുധീരൻ എന്നിവരെ വിളിക്കാനിടയില്ല. അഴിച്ചുപണിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും. പുനഃസംഘടനയുടെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് പ്രാഥമിക ചർച്ച യോഗത്തിലുണ്ടാകും. ഡിസിസി അധ്യക്ഷപദവി മോഹിച്ച് നിരവധി പേർ രംഗത്തുണ്ട്. മെറിറ്റ് നോക്കി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം.