ന്യൂഡൽഹി > ഇന്ത്യയിലെ കർഷകസമരം ഇരുണ്ട നാളുകളിലെ പ്രതീക്ഷയുടെ പൊൻവെളിച്ചമാണെന്ന് തത്വചിന്തകൻ പ്രൊഫ. നോം ചോംസ്കി. നാസാ ശാസ്ത്രജ്ഞനും ചലച്ചിത്രകാരനുമായ ബേദബ്രത പെയിനുമായുള്ള അഭിമുഖത്തിലാണ് കർഷകസമരത്തെ ചോംസ്കി പ്രശംസിച്ചത്.
പ്രക്ഷോഭം എങ്ങനെ വേണമെന്നതിന് ലോകത്തിന് മാതൃകയാണ് ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭം. അടിച്ചമർത്തൽ നീക്കങ്ങളെയും പലവിധ അക്രമങ്ങളെയും മാധ്യമ ആക്രമണത്തെയും ചെറുത്ത് അവർ സമരം മുന്നോട്ടു കൊണ്ടുപോകുന്നത് ഉജ്വലമാണ്. കർഷകസമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി മാത്രമല്ല ഇന്ത്യക്കാകെ വേണ്ടിയാണ് പ്രക്ഷോഭം.
കോർപറേറ്റുകൾ വന്നാൽ കാർഷിക മേഖലയിൽ മത്സരവും നിക്ഷേപവും സമൃദ്ധമാകുമെന്നാണ് സർക്കാർ വാദം. അവർ വസ്തുതകൾ പരിശോധിക്കണം. റാൻഡ് കോർപറേഷന്റെ വിശ്വസനീയമായ ഒരു പഠനമുണ്ട്. കഴിഞ്ഞ 40 വർഷ കാലയളവിൽ 90 ശതമാനം വരുന്ന മധ്യവർഗത്തിന്റെയും തൊഴിലാളി വർഗത്തിന്റെയും പക്കൽനിന്ന് എത്രമാത്രം സമ്പത്ത് ഒരു ശതമാനം വരുന്ന അതിസമ്പന്നർ തട്ടിയെടുത്തുവെന്ന പഠനമാണത്. 47 ലക്ഷം കോടി യുഎസ് ഡോളർ(3488363500000000 കോടി രൂപ) എന്നാണ് അവരുടെ കണ്ടെത്തൽ. ഇത് ഒരു കുറഞ്ഞ അനുമാനം മാത്രമെന്നാണ് തന്റെ വിലയിരുത്തൽ.
ഐഎംഎഫും മറ്റും സമാനമായ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. അതും 30–-40 ലക്ഷം കോടി ഡോളറെന്നാണ്.
വിദേശ നിക്ഷേപമെന്നത് അത്ഭുതകരമായ ഒന്നാണ്. കോർപറേറ്റുകൾക്ക് ഏകാധിപത്യ ഘടനയാണ്. നിങ്ങളുടെ വിഭവങ്ങളെയും രാജ്യകാര്യങ്ങളെയും കൈകാര്യം ചെയ്യാനും നിങ്ങളുടെ ഭാവി നിർണയിക്കാനും അത്തരം ഏകാധിപത്യ സംവിധാനങ്ങളെയാണ് വേണ്ടതെങ്കിൽ വിദേശനിക്ഷേപത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചോളൂ.
ഇപ്പോൾ തുടരുന്ന പ്രക്ഷോഭത്തിൽ കർഷകർ അഭിമാനിക്കണം. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സാഹചര്യങ്ങളിൽ ഇത്തരം പ്രതിഷേധങ്ങളാണ് ഉയർന്നുവരേണ്ടതെന്നും- ചോംസ്കി പറഞ്ഞു.