ന്യൂഡൽഹി > അതിർത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യക്ക് പുതിയ സുരക്ഷാ ഭീഷണിയായി മാറുകയാണ് പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ. അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങളും മയക്കുമരുന്നും സ്ഫോടകവസ്തുക്കളും എത്തിക്കുന്നതിന് ഏതാനും വർഷമായി ഭീകരസംഘടനകൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ബോംബാക്രണത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഇതാദ്യം.
അതിർത്തിയിൽനിന്ന് 14 കി.മീ ഉള്ളിലേക്ക് ഡ്രോണുകൾ എത്തിച്ച് തന്ത്രപ്രധാന സ്ഥലത്ത് സ്ഫോടനം നടത്താനായത് ഞെട്ടിക്കുന്നതാണ്. വലിയ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെട്ടു. ഡ്രോണുകളെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക സംവിധാനം ലഭ്യമാക്കണമെന്ന് ബിഎസ്എഫ് അടക്കം കേന്ദ്ര ഏജൻസികൾ ആഭ്യന്തര മന്ത്രാലയത്തോടും പ്രതിരോധ മന്ത്രാലയത്തോടുമെല്ലാം ആവശ്യപ്പെട്ടിട്ട് ഏറെകാലമായെങ്കിലും നടപടിയുണ്ടായിട്ടില്ല.
15 കിലോഗ്രാംവരെ വഹിക്കാമെന്നതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഡ്രോണുകളുടെ റേഡിയോ ഫ്രീക്വൻസി, ജിപിഎസ് സംവിധാനങ്ങളെ നിർവീര്യമാക്കുന്ന സാങ്കേതികവിദ്യ എന്നിവയാണ് ബിഎസ്എഫും മറ്റും ആവശ്യപ്പെടുന്നത്. നിലവിൽ വെടിവച്ചിടൽ മാത്രമാണ് ഏക പ്രതിരോധമാർഗം. എന്നാൽ, രാത്രിയിൽ ഇത് എളുപ്പമാകില്ല. ജമ്മു ആക്രമണവും രാത്രിയിലായിരുന്നു. അതിർത്തിയിൽനിന്ന് 14 കി.മീ വരെ ഡ്രോണുകൾ തടസ്സം കൂടാതെ പറന്നു.
സുരക്ഷിതമായി അതിർത്തി കടക്കാമെന്നതും ആൾനാശമുണ്ടാകില്ലെന്നതുമാണ് ഭീകരസംഘടനകൾ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കാൻ കാരണം.
മെയ് 14ന് ഡ്രോണിൽനിന്ന് ആയുധങ്ങൾ ഇടുന്നതായി ബിഎസ്എഫിന് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മുവിലെ സാംബ മേഖലയിൽ നടത്തിയ തെരച്ചിലിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പായ്ക്കറ്റ് പാടത്തുനിന്ന് കണ്ടെത്തിയിരുന്നു. ഒരു എകെ–-47 തോക്ക്, ഒരു പിസ്റ്റൾ, വെടിത്തിര, 9 എംഎം തോക്കിനുള്ള 15 വെടിയുണ്ട എന്നിവയായിരുന്നു പായ്ക്കറ്റിൽ. ജൂണിൽ കത്വായിൽ ഒരു ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു.
മുമ്പ് ഡ്രോണിൽ ഇറക്കിയ ആയുധങ്ങൾ പഞ്ചാബ് പൊലീസും കണ്ടെടുത്തിരുന്നു. പാൻസർ അതിർത്തിപോസ്റ്റിന് സമീപം ബിഎസ്എഫ് വെടിവച്ചിട്ട ഡ്രോണിൽനിന്ന് അമേരിക്കൻ നിർമിത എം4 സെമി ഓട്ടോമാറ്റിക് കാർബൈൻ, രണ്ട് വെടിത്തിര, ഏഴ് ഗ്രനേഡ് എന്നിവ കണ്ടെടുത്തു. 2019 ആഗസ്തിൽ പഞ്ചാബിൽ അമൃത്സറിന് സമീപം തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. സെപ്തംബറിൽ പഞ്ചാബിൽ പിടിയിലായ ഭീകരർ ഡ്രോൺ ഉപയോഗിച്ച് എട്ടുവട്ടം ആയുധങ്ങളും മയക്കുമരുന്നും കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.