ലണ്ടൻ > വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന് ഇന്ന് തുടക്കം. കഴിഞ്ഞവർഷം കോവിഡ് കാരണം ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു. വനിതകളിൽ ആഷ്ലി ബാർടിയാണ് ഒന്നാം സീഡ്. സെറീന വില്യംസ്, അരീന സബലെങ്ക, ഇഗ സ്വിയാടെക് എന്നിവരുണ്ട്. പുരുഷന്മാരിൽ നൊവാക് ജൊകോവിച്ച്, ഡാനിൽ മെദ്വദേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, റോജർ ഫെഡറർ എന്നിവരാണ് പ്രമുഖർ.
നിലവിലെ വനിതാ ചാമ്പ്യൻ സിമോണ ഹാലെപ് പിൻമാറി. കാലിനേറ്റ പരിക്കാണ് റുമാനിയക്കാരിയുടെ പിൻമാറ്റത്തിന് കാരണം. 2019ൽ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഹാലെപ് ജേത്രിയായത്.
പുരുഷ വിഭാഗത്തിൽ ജൊകോവിച്ചാണ് ചാമ്പ്യൻ. അഞ്ച് വിംബിൾഡണടക്കം 19 ഗ്രാൻഡ് സ്ലാം കിരീടങ്ങളുണ്ട്.
ഇന്ന് ആദ്യ കളിയിൽ ബ്രിട്ടന്റെ കൗമാരതാരം ജാക്ക് ഡ്രാപെറെ നേരിടും. മൂന്നാം സീഡ് ഗ്രീക്ക് താരം സിറ്റ്സിപാസും ഇന്നിറങ്ങും. റോജർ ഫെഡറർക്കും റാഫേൽ നദാലിനും 20 കിരീടങ്ങളായി. നദാൽ ഇക്കുറിയില്ല. മുപ്പത്തൊമ്പതുകാരനായ ഫെഡറർക്ക് എട്ട് വിംബിൾഡണുണ്ട്. നാളെ ഫ്രഞ്ച് താരം അഫ്രിയാൻ മന്നാരിയോയാണ് എതിരാളി.