കണ്ണൂർ > പ്രതിച്ഛായ തകർന്നതിൽ ബിജെപിയും ധാർമികമൂല്യങ്ങൾ ചോർന്നുപോയതിൽ ആർഎസ്എസ്സും ആത്മപരിശോധന നടത്തണമെന്ന് മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭൻ. തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം ബിജെപിയും ആർഎസ്എസ്സും ചെന്നുപെട്ട പ്രതിസന്ധിയെക്കുറിച്ച് ഒരു പ്രമുഖ പത്രത്തിന്റെ ഓൺലൈനിലാണ് അദ്ദേഹം തുറന്നടിച്ചത്.
സജീവ രാഷ്ട്രീയത്തിൽനിന്ന് താൻ പിന്നോട്ടുപോകുകയാണെന്നും രാഷ്ട്രീയമാണ് എല്ലാമെന്ന ധാരണ ഇല്ലാതായെന്നും അഭിമുഖത്തിൽ പറയുന്നു. രാഷ്ട്രീയത്തിൽ നിഷേധാത്മകവും ഭാവാത്മകവുമായ രണ്ട് വശങ്ങളുണ്ട്. അതിൽ നിഷേധാത്മക വശം മാത്രം കൊണ്ടുനടന്നാൽ മുന്നോട്ടുപോകാനാവില്ല. ജനവിശ്വാസം നഷ്ടപ്പെടും. ഇത്തരം സമരത്തിലൂടെ നേതാക്കൾക്ക് ആത്മസംതൃപ്തി ലഭിച്ചേക്കാം. അതുകൊണ്ട് കാര്യമില്ലെന്നും കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായശേഷം സ്വീകരിച്ച നിലപാടുകളെ വിമർശിച്ച് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല സാധ്യതയാണ് ബിജെപിക്കുണ്ടായിരുന്നത്. യുഡിഎഫ് തീർത്തും ദുർബലമായിരുന്നു. ആ അവസരം മുതലെടുക്കാൻ കഴിയാത്തത് ഗൗരവമായി പരിശോധിക്കണം. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു.
ഒരിടത്താണെങ്കിൽ ജയിക്കുമായിരുന്നു. എന്തുകൊണ്ട് രണ്ടിടത്ത് മത്സരിച്ചുവെന്ന് വ്യക്തമല്ല. മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിക്കാനും സി കെ ജാനുവിനെ എൻഡിഎയിലേക്ക് കൊണ്ടുവരാനും കോഴ നൽകിയ സംഭവത്തിൽ സി കെ പത്മനാഭൻ നേതൃത്വത്തെ പിന്തുണച്ചില്ല. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ എന്നായിരുന്നു പ്രതികരണം.
ആർഎസ്എസ്സും ബിജെപിയും തമ്മിലുള്ള ബന്ധം ആരംഭകാലം മുതലുള്ളതാണ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ അപഥസഞ്ചാരത്തിനിറങ്ങിയാൽ ഇടപെടാനുള്ള ശക്തി സംഘത്തിനുണ്ടായിരുന്നു. അതിനുള്ള ധാർമികത ഇപ്പോൾ ചോർന്നുവോ എന്ന് ആർഎസ്എസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും പത്മനാഭൻ ആവശ്യപ്പെട്ടു.