ന്യൂഡൽഹി
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥി പ്രവേശനത്തിലും അധ്യാപകനിയമനങ്ങളിലും നടക്കുന്ന സംവരണ അട്ടിമറി പട്ടികജാതി ക്ഷേമത്തിനുള്ള പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കും. ഐഐടി, ഐഐഎം, എൻഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എൻഐഐടി എന്നിവിടങ്ങളിൽ സംവരണം ചെയ്ത തസ്തികകളിലെ അധ്യാപകരുടെ നിയമനവും വിദ്യാർഥികളുടെ പ്രവേശനവുമാണ് കമ്മിറ്റി പരിശോധിക്കുക. ഇതിനായി കമ്മിറ്റി യോഗം ചേരും.
ബിരുദാനന്തര ബിരുദം, പോസ്റ്റ് ഡോക്ടറൽ, പിഎച്ച്ഡി കോഴ്സുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിലും അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും സംവരണം നടപ്പാക്കാൻ 2006ലും 2019 ലും പാർലമെന്റ് നിയമഭേദഗതി പാസാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ ഗുരുതര വീഴ്ചയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ കെ സോമപ്രസാദ് ഇക്കാര്യം ചൂണ്ടിക്കാട്ടി.
തുടർന്നാണ് കിരിത് പ്രേംജിഭായ് സോളങ്കി അധ്യക്ഷനായ സ്റ്റാൻഡിങ് കമ്മിറ്റി വിശദ പരിശോധനയ്ക്ക് തീരുമാനിച്ചത്. സംവരണ ക്രമക്കേടുകൾ സംബന്ധിച്ച് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽസെക്രട്ടറി മയൂഖ് വിശ്വാസ്, കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണൻ എന്നിവർ കെ സോമപ്രസാദിന് നിവേദനം നൽകിയിരുന്നു.