ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം 35 ട്വീറ്റ് ട്വിറ്റർ തടഞ്ഞുവച്ചു. രണ്ടെണ്ണം ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. 37 ട്വീറ്റ് തടയണമെന്ന് ജൂൺ 21ന് ട്വിറ്ററിനോട് സർക്കാർ നിയമപരമായി അഭ്യർഥിച്ചിരുന്നു. തുടർന്നാണ് നടപടിയെന്ന് ലുമെൻ ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇന്റർനെറ്റിലെ ഉള്ളടക്കം തടയുന്നതും നീക്കംചെയ്യുന്നതും രേഖപ്പെടുത്തുന്ന സ്വതന്ത്ര പ്രോജക്റ്റാണ് ലുമെൻ ഡാറ്റാബേസ്. പ്രാദേശിക നിയമത്തിന് വിരുദ്ധമായവ സർക്കാരുകളുടെ അഭ്യർഥനയിൽ തടയാറുണ്ടെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു.
ജൂൺ 17ന് 50 ട്വീറ്റ് ഇത്തരത്തിൽ തടഞ്ഞിരുന്നു. ഇന്ത്യയിലെ പുതിയ സാമൂഹ്യമാധ്യമ മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കുന്നതിൽ ട്വിറ്ററും കേന്ദ്രവും തർക്കമുണ്ടായിരുന്നു. ഇതിനിടെ പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് വെള്ളിയാഴ്ച ട്വിറ്റർ തടഞ്ഞിരുന്നു.