ന്യൂഡൽഹി
കർഷകതാൽപ്പര്യങ്ങളുടെ സംരക്ഷണം മാത്രമല്ല, ജനാധിപത്യ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രക്ഷോഭമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനുള്ള നിവേദനത്തിൽ കർഷകസംഘടനകൾ ചൂണ്ടിക്കാട്ടി. തൊഴിലെടുക്കുന്ന എല്ലാവരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥാ കാലത്തെ അനുസ്മരിപ്പിക്കും വിധമാണ് ഏഴുമാസമായി കർഷകസമരത്തെ മോഡി സർക്കാർ നേരിടുന്നത്. രാജ്യം സ്വതന്ത്രമായപ്പോൾ 33 കോടി ജനങ്ങൾക്കാണ് കർഷകർ ഭക്ഷണം ഉറപ്പാക്കിയത്. ഇന്ന് 140 കോടി ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നു. കോവിഡ് മറ്റ് മേഖലകളെ തളർത്തിയപ്പോഴും കാർഷിക മേഖലയിൽ റെക്കോഡ് ഉൽപ്പാദനമുണ്ടായി. ജീവൻ അപകടപ്പെടുത്തിയാണ് കർഷകർ ധാന്യപ്പുരകൾ നിറച്ചത്. എന്നാൽ, ഇതിന് പകരമായി കേന്ദ്രം മൂന്ന് കർഷകവിരുദ്ധ നിയമം അടിച്ചേൽപ്പിച്ചു. ഇത് കാർഷിക മേഖലയെയും ഭാവിതലമുറകളെയും തകർക്കും. കാർഷിക മേഖല കോർപറേറ്റുകൾക്ക് കൈമാറുകയാണ്. സബ്സിഡി എടുത്തുകളയൽ, വൈദ്യുതി ഭേദഗതി ബിൽ, കച്ചി കത്തിച്ചാൽ പിഴയും തടവും തുടങ്ങി പല ഭീഷണികളും കർഷകർ നേരിടുന്നു.
കാർഷികവിപണന മേഖലയിൽ നിയമം കൊണ്ടുവരാൻ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ട് നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. കൂടിയാലോചന നടത്താതെ ഓർഡിനൻസ് രൂപത്തിൽ കൊണ്ടുവന്ന നിയമം ജനാധിപത്യവിരുദ്ധവുമാണ്. പാർലമെന്റിൽ ഇത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടില്ല. രാജ്യസഭയിൽ വോട്ടെടുപ്പ് നിഷേധിച്ചു. താങ്കൾ ഇത്തരം നടപടികളോട് വിയോജിക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
കർഷകർ ഔദാര്യം ആവശ്യപ്പെടുന്നില്ല. ഉൽപ്പന്നത്തിന് ന്യായമായ വിലയാണ് തേടുന്നത്. കർഷകർ കടബാധ്യതയിലാണ്. മുപ്പത് വർഷത്തിനിടെ നാലുലക്ഷം കർഷകർ ആത്മഹത്യ ചെയ്തു. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച എല്ലാ കൃഷിച്ചെലവിനേക്കാളും (സി2) അമ്പത് ശതമാനം അധികമായി താങ്ങുവില നടപ്പാക്കണം. 2022 ഓടെ കൃഷിവരുമാനം ഇരട്ടിയാക്കുമെന്ന് മോഡി സർക്കാർ പറഞ്ഞു. എന്നാൽ, ഒരു നടപടിയുമില്ല. ന്യായമായ ആവശ്യങ്ങളുമായി ഡൽഹിയിലേക്ക് വന്ന കർഷകരെ മുള്ളുവേലികളും മുള്ളാണികളും നിരത്തിയും കിടങ്ങുകൾ കുഴിച്ചുമെല്ലാം തടഞ്ഞു. കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കള്ളകേസുകൾ ചുമത്തി ജയിലിലടച്ചു.
സമരത്തിനെത്തിയ 520 കർഷകർ ഇതുവരെ മരിച്ചു. കർഷകരെ മാത്രമല്ല, പ്രതിഷേധിക്കുന്ന എല്ലാവരെയും അടിച്ചമർത്തുകയാണ്. യുഎപിഎ ദുരുപയോഗിക്കുന്നു. ജനാധിപത്യത്തെ ഞെരിക്കുന്നു. ഭരണഘടനയുടെ സംരക്ഷകനെന്ന നിലയിൽ ഇതിനെതിരായി നിലപാട് സ്വീകരിക്കാൻ താങ്കൾക്ക് ഉത്തരവാദിത്തമുണ്ട്–- നിവേദനത്തിൽ പറഞ്ഞു.