മിനിയാപോളിസ്
അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് കോടതി 22.5 വർഷം തടവ് ശിക്ഷ വിധിച്ചു. ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന വെള്ളക്കാരൻ ഡെറിക് ഷോവിനെയാണ് മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര് കാഹിൽ ശിക്ഷിച്ചത്. ഷോവിൻ കുറ്റക്കാരനെന്ന് ഏപ്രിലിൽ കോടതി കണ്ടെത്തിയിരുന്നു. കറുത്ത വംജശനെ കൊലപ്പെടുത്തിയ കേസിൽ യുഎസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള മാർഗനിർദേശമനുസരിച്ച് 12.5 വർഷത്തെ തടവ് ശിക്ഷയാണ് ലഭിക്കേണ്ടത്. എന്നാൽ, അധികാര ദുരുപയോഗം അടക്കമുള്ളവയാണ് ശിക്ഷ വർധിക്കാൻ കാരണം. ഫ്ലോയിഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്നും 22 പേജുള്ള വിധിന്യായത്തില് ജഡ്ജി പറഞ്ഞു.
30 വര്ഷത്തെ തടവാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നാൽപ്പത്തഞ്ചുകാരനായ ഷോവിന്, നല്ലനടപ്പാണെങ്കിൽ ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗമാകുമ്പോൾ(15 വര്ഷം) പരോൾ ലഭിക്കാം. വിധി പ്രഖ്യാപനത്തിന് മുമ്പ് അവസാന വാദംകേൾക്കലിൽ ഫ്ലോയിഡിന്റെ ഏഴ് വയസ്സുകാരി മകൾ ഗിയാന്ന സംസാരിക്കുന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞമാസം ഗ്രാൻഡ് ജൂറി ഷോവിനും മറ്റു മൂന്നു പേർക്കുമെതിരെ പൗരാവകാശക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ശിക്ഷ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ് 25നാണ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. തുടർന്ന്, ‘കറുത്തവരുടെ ജീവൻ വിലയുണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തി വംശീയതക്കെതിരെ നടന്ന പ്രക്ഷോഭം ലോകത്താകമാനം കത്തിപ്പടർന്നു.