ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ജമ്മു കശ്മീരിന് മോഡി സർക്കാർ പൂർണ സംസ്ഥാന പദവി അനുവദിക്കുമോയെന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡൽഹി മാതൃകയിൽ ചുരുക്കം അധികാരങ്ങൾമാത്രം സംസ്ഥാന സർക്കാരിന് അനുവദിക്കും വിധം ഭാഗിക സംസ്ഥാന പദവിയാകും അനുവദിക്കുകയെന്ന ആശങ്ക കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ പ്രകടമാക്കി.
പൂർണ സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യമാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർടികൾ മുന്നോട്ടുവച്ചത്. സംസ്ഥാന പദവി അനുവദിച്ചശേഷം മതി തെരഞ്ഞെടുപ്പെന്ന ആവശ്യവും മുന്നോട്ടുവച്ചു. എന്നാൽ, കേന്ദ്രത്തിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ആദ്യം മണ്ഡല പുനർനിർണയം. അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്ന നിർദേശമാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുന്നോട്ടുവച്ചത്. മണ്ഡല പുനർനിർണത്തിന്റെ ഉദ്ദേശ്യശുദ്ധിയെ പല നേതാക്കളും ചോദ്യംചെയ്തപ്പോൾ ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും ലോക്സഭാ,- നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകി. സംസ്ഥാന പദവി ഉചിതമായ സമയത്ത് പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവർത്തിച്ചെങ്കിലും പൂർണ സംസ്ഥാന പദവിയെന്ന ഉറപ്പുണ്ടായില്ല.
ഗവർണറോട് കൂടിയ പൂർണ സംസ്ഥാന പദവിയാണ് വേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി വ്യക്തമാക്കി. അല്ലാതെ ഡൽഹി മാതൃകയിൽ ലെഫ്. ഗവർണറോട് കൂടിയ സംസ്ഥാന പദവിയല്ല ആവശ്യം. മണ്ഡല പുനർനിർണയ കമീഷനുമായി സഹകരിക്കുമെന്ന സൂചന നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള നൽകി. കേന്ദ്രം വിളിച്ച യോഗത്തിന്റെ സാഹചര്യത്തിൽ കമീഷനുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ ഫാറൂഖ് അബ്ദുള്ളയെ ചുമതലപ്പെടുത്തിയതായി ഒമർ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമാക്കുന്നതിനുമുമ്പ് 87 നിയമസഭാ സീറ്റാണ് ജമ്മു കശ്മീരിലുണ്ടായിരുന്നത്. 2011 സെൻസസ് പ്രകാരം കശ്മീരിൽ 68 ലക്ഷവും ജമ്മുവിൽ 53 ലക്ഷവുമാണ് ജനസംഖ്യ.