കൽപ്പറ്റ
നേതൃത്വത്തിന്റെ കോടികളുടെ ഫണ്ട് മുക്കലിലും കോഴ ഇടപാടിലും സഹികെട്ട് വയനാട്ടെ ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ ഉൾപ്പെടെ 270 ഓളം ഭാരവാഹികളും പ്രവർത്തകരുമാണ് രാജിവച്ചത്. യുവമോർച്ച ബത്തേരി, കൽപ്പറ്റ മണ്ഡലം കമ്മിറ്റിയിലെയും ബത്തേരി, കൽപ്പറ്റ നഗരസഭ കമ്മിറ്റിലെയും 12 പഞ്ചായത്ത് കമ്മിറ്റിയിലെയും മുഴുവൻ അംഗങ്ങളും രാജിനൽകി. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർടി വിടുമെന്ന് യുവമോർച്ച ബത്തേരി മണ്ഡലം പ്രസിഡന്റായിരുന്ന എം എൻ ലിലിൽകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ വന്ന പണം ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലും കോഴിക്കോട് മേഖലാ സെക്രട്ടറി കെ സദാനന്ദനും ചേർന്ന് മുക്കി. കമ്മിറ്റികളിൽ കണക്ക് അവതരിപ്പിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവർ ശ്രമിച്ചത്. സ്വന്തം പക്ഷക്കാരനായ പ്രശാന്ത് മലവയലിനെ സംരക്ഷിക്കാനാണ് ദീപുവിനും തനിക്കുമെതിരെ കെ സുരേന്ദ്രൻ പ്രതികാര നടപടിയെടുത്തതെന്നും ലിലിൽ ആരോപിച്ചു.
സി കെ ജാനുവിന് പ്രസാദമെന്നപേരിൽ 25 ലക്ഷം രൂപ നൽകിയത് പ്രശാന്ത് മലവയലാണെന്ന ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബിജെപിയിലെ ഈ പൊട്ടിത്തെറി.