റിയോ ഡി ജനീറോ
കോപ അമേരിക്ക ഫുട്ബോളിൽ ഉറുഗ്വേ ക്വാർട്ടറിൽ. ബൊളീവിയയെ രണ്ട് ഗോളിന് കീഴടക്കിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്. നേരത്തേ ക്വാർട്ടർ ഉറപ്പിച്ച മുൻചാമ്പ്യൻമാരായ ചിലിയെ പരാഗ്വേ അട്ടിമറിച്ചു (2–-0).
കോപയിലെ ആദ്യ ജയമാണ് ഉറുഗ്വേ ബൊളീവിയക്കെതിരെ നേടിയത്. കഴിഞ്ഞ രണ്ട് കളിയിൽ ഒരു തോൽവിയും സമനിലയുമായിരുന്നു. ബൊളീവിയൻ പ്രതിരോധക്കാരൻ ഹയ്റോ ക്വിന്റെറൊസിന്റെ പിഴവുഗോളിലാണ് ഉറുഗ്വേ മുന്നിലെത്തിയത്. 79–-ാം മിനിറ്റിൽ സൂപ്പർതാരം എഡിൻസൺ കവാനി അവരുടെ ലീഡുയർത്തി. ഗ്രൂപ്പ് എയിൽ നാല് പോയിന്റോടെ നാലാമതാണ് ഉറുഗ്വേ. തോൽവിയോടെ ബൊളീവിയ പുറത്തായി.
ചിലിയെ ഞെട്ടിച്ചായിരുന്നു പരാഗ്വേയുടെ ജയം. പന്ത് കൈവശം വച്ചിട്ടും കൂടുതൽ പാസുകൾ കൈമാറിയിട്ടും ചിലിക്ക് കാര്യമുണ്ടായില്ല. അർട്യൂറോ വിദാലിനും കൂട്ടർക്കും പരാഗ്വേ ഗോൾവല ലക്ഷ്യമാക്കി പന്ത് പായിക്കാനായത് ഒറ്റവട്ടം മാത്രം. മറുവശം കിട്ടിയ അവസരം വലയിലാക്കി പരാഗ്വേ. ബ്രിയ്യാൻ സമുദിയോയും മിഗ്വേൽ അൽമിറോണുമാണ് ഗോളടിച്ചത്. ആറ് പോയിന്റോടെ അർജന്റീനയ്ക്കുപിന്നിൽ രണ്ടാമതാണ് പരാഗ്വേ. 29ന് ഉറുഗ്വേയും പരാഗ്വേയും ഏറ്റുമുട്ടും.