ജറുസലേം
എൺപത്തഞ്ച് ശതമാനം ജനങ്ങൾക്കും കോവിഡ് വാക്സിൻ നൽകിയ ഇസ്രയേലിൽ മുഖാവരണം വീണ്ടും നിർബന്ധമാക്കി. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് കൂടുതലായി വ്യാപിക്കുന്നതിനാലാണിത്. വ്യാപക വാക്സിനേഷനുശേഷം രാജ്യത്തെ രോഗവ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഇളവുകൾ നൽകിയത്. വാക്സിൻ ലഭിച്ചവരിൽ ഉൾപ്പെടെ കുറച്ചുദിവസമായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അടച്ചിട്ട പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയത്.
അതേസമയം, രോഗവ്യാപനം രൂക്ഷമായ റഷ്യയിൽ ചില വിഭാഗങ്ങളിലെ ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും ഉൾപ്പെടെ 14 മേഖലയിലെ സർക്കാർ, ചില്ലറവിലപന, ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളിലെയും ഫിറ്റ്നസ് സെന്റർ, ഭക്ഷണശാല, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലെയും ജീവനക്കാർക്കാണ് വാക്സിൻ നിർബന്ധമാക്കിയത്. വിസമ്മതിക്കുന്നവരെ സസ്പെൻഡ് ചെയ്യാനും നിർദേശം നൽകി.