വെംബ്ലി
യൂറോയിൽ ഇനി ചൂട് കൂടും. വാശിയേറിയ നോക്കൗട്ട് പോരാട്ടങ്ങളുടെ ദിനങ്ങളാണ് ഇന്നുമുതൽ. ജയിച്ചാൽ കിരീടത്തിലേക്ക് ഒരു ചുവട് അടുക്കും. തോറ്റാൽ ശേഷിക്കുന്ന മത്സരങ്ങളുടെ കാഴ്ചക്കാരാകും. കിരീട സാധ്യതയിൽ ഏറെ മുന്നിലുള്ള ഇറ്റലിയാണ് ഇന്ന് രംഗത്ത്. എതിരാളികളായി ഓസ്ട്രിയ. ഗ്രൂപ്പ് എയിൽ മൂന്ന് കളിയും ജയിച്ചാണ് ഇറ്റലിയുടെ വരവ്. അടിച്ചത് ഏഴ് ഗോൾ. ഒരെണ്ണംപോലും വഴങ്ങിയില്ല. ഓസ്ട്രിയ ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാംസ്ഥാനക്കാരായെത്തി.ഇറ്റലിയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം സ്വന്തം തട്ടകമായ റോമിലായിരുന്നു. ഇന്ന് വെംബ്ലിയിലാണ് കളി.
ടീം തെരഞ്ഞെടുപ്പാണ് ഇറ്റലിയുടെ തലവേദന. അവസാന മത്സരത്തിൽ വെയ്ൽസിനെതിരെ പകരക്കാരുടെ നിരയെയാണ് പരിശീലകൻ റോബർട്ടോ മാൻസീനി ഇറക്കിയത്. ഒരു ഗോളിന് ജയിച്ച മത്സരത്തിൽ ടീം നല്ല പ്രകടനവും പുറത്തെടുത്തു. പരിക്കുകാരണം ആദ്യ രണ്ട് കളിയിൽ പുറത്തിരുന്ന മാർകോ വെറാറ്റി വെയ്ൽസിനെതിരെ ഒരു ഗോളിന് വഴിയൊരുക്കി. വെറാറ്റിക്ക് പകരം ആദ്യ രണ്ട് മത്സരം കളിച്ച മാനുവേൽ ലോകാട്ടെല്ലി തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. മുന്നേറ്റത്തിൽ ലോറെൻസോ ഇൻസിന്യെ, സിറോ ഇമ്മൊബീൽ എന്നിവരും മധ്യനിരയിൽ ഡൊമെനികോ ബെറാർഡിയും നിക്കോളോ ബറെല്ലയും ഇറ്റലിയുടെ കരുത്താണ്. അതിനിടെ പ്രതിരോധക്കാരൻ ജോർജിയോ കില്ലെനി കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. കില്ലെനിയുടെ പരിക്ക് പൂർണമായും മാറിയിട്ടില്ല.
മാൻസീനിക്കുകീഴിൽ തുടർച്ചയായ 30 മത്സരങ്ങളിൽ ഇറ്റലി തോറ്റില്ല. അതിൽ അവസാന 11 കളിയിൽ ഒരു ഗോൾപോലും വഴങ്ങിയില്ല. ജയിച്ചാൽ ക്വാർട്ടറിൽ ബൽജിയമോ പോർച്ചുഗലോ ആയിരിക്കും ഇറ്റലിക്ക് എതിരാളികൾ. എങ്കിലും ഓസ്ട്രിയക്കെതിരായ കളിയിൽ മുൻനിര താരങ്ങളെത്തന്നെ രംഗത്തിറക്കാനായിരിക്കും മാൻസീനിയുടെ ശ്രമം.
അവസാന കളിയിൽ ഉക്രെയ്നെ 1–-0ന് വീഴ്ത്തിയാണ് ഓസ്ട്രിയ ഇറ്റലിയുമായുള്ള മുഖാമുഖം ഉറപ്പിച്ചത്. യുവതാരം ക്രിസ്റ്റഫ് ബംഗാർട്നെർ ആണ് ഗോളടിച്ചത്. ക്യാപ്റ്റൻ ഡേവിഡ് അലാബയുടെ പ്രകടനം നിർണായകമാകും. ആദ്യ റൗണ്ടിൽ ഡച്ചിനോട് ഓസ്ട്രിയ തോറ്റിരുന്നു.
സാധ്യത ടീം.
ഇറ്റലി–- ഡൊന്നരുമ്മ, ഡി ലൊറെൻസോ, ബൊനൂഷി, അകെർബി, സ്പിനസോള, ബറെല്ല, ജോർജിന്യോ, ലോകാട്ടെല്ലി, ബെറാർഡി, ഇമ്മൊബീൽ, ഇൻസിന്യെ.
ഓസ്ട്രിയ–- ബാക്മാൻ, ലെയ്നെർ, ദ്രഗോവിച്ച്, ഹിന്റെറെഗ്ഗെർ, അലാബ, ലെയ്മർ, ഗ്രില്ലിച്ച്, ഷാൽഗെർ, സാബിറ്റ്സെർ, ബംഗാർട്നെർ, അർണോടോവിച്ച്.