ആംസ്റ്റർഡാം
ക്രിസ്റ്റ്യൻ എറിക്സന്റെ വീഴ്ചയിൽ തകർന്നുപോയ ഡെൻമാർക്കിന്റെ അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു ഈ യൂറോയുടെ ആവേശകരമായ കാഴ്ച. ആ പ്രകടനം പ്രീ ക്വാർട്ടറിലും നിലനിർത്താനാകുമോ എന്നാണ് ഡാനിഷ് ആരാധകർ ഉറ്റുനോക്കുന്നത്. മറുവശത്ത് ഗാരെത് ബെയ്ലിന്റെ വെയ്ൽസാണ്.
എറിക്സൺ കുഴഞ്ഞുവീണ കളിയിൽ ഫിൻലൻഡിനോട് തോറ്റാണ് ഡെൻമാർക്ക് യൂറോയിൽ തുടങ്ങിയത്. എറിക്സൺ ആശുപത്രി കിടക്കയിലുള്ള സമയത്തായിരുന്നു ബൽജിയത്തോടുള്ള തോൽവി. ആദ്യ രണ്ട് കളിയും തോറ്റ് പുറത്തായി എന്ന് കരുതിയ നിമിഷത്തിലായിരുന്നു ഡെൻമാർക്ക് തിരിച്ചുവന്നത്. റഷ്യയെ 4–-1ന് തകർത്തു. റഷ്യക്കെതിരെ യഥാർഥത്തിൽ നോക്കൗട്ട് മത്സരം തന്നെയായിരുന്നു ഡെൻമാർക്കിന്. വെയ്ൽസിനെതിരെ ഇറങ്ങുമ്പോൾ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസമുണ്ട് കെയറിനും സംഘത്തിനും.
ക്യാപ്റ്റൻ കെയറിനെ കൂടാതെ, വെസ്റ്റെർഗാൻഡ്, വാസ്, ഹോയ്ബെർഗ്, പോൾസെൺ, മാർടിൻ ബ്രത്വയ്റ്റ് എന്നിവരും ഡെൻമാർക്കിന് കരുത്ത് നൽകുന്നു. അവസാന കളിയിൽ ഇറ്റലിയോട് തോറ്റെങ്കിലും വെയ്ൽസിന് പ്രീ ക്വാർട്ടർ ഉറപ്പായിരുന്നു. ആദ്യ കളിയിൽ സ്വിറ്റ്സർലൻഡുമായി സമനിലയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ തുർക്കിയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഗാരെത് ബെയ്ലും ആരോൺ റാംസെയും ഉൾപ്പെടുന്ന സംഘത്തിന് ഡെൻമാർക്കിന് വെല്ലുവിളി ഉയർത്താനാകും.
സാധ്യത ടീം
വെയ്ൽസ്–- വാർഡ്, റോബെർട്സ്, മെഫാം, റോഡൻ, ഡേവിയെസ്, മോറെൽ, അല്ലെൻ, ബെയ്ൽ, ജയിംസ്, മൂർ.
ഡെൻമാർക്ക്–- ഷ്മൈച്ചേൽ, മെ്ഹലി, വെസ്റ്റെർഗാർഡ്, കെയർ, ക്രിസ്റ്റൻസൺ, വാസ്, ഹോയ്ബെർഗ്, ഡെലാനി, പോൾസൺ, ഡാംസ്ഗാർഡ്, ബ്രത്വയ്റ്റ്.