പട്യാല
ഇന്റർസ്റ്റേറ്റ് അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിവസം കേരളത്തിന് ഒരു വെങ്കലം. വനിതകളുടെ ട്രിപ്പിൾജമ്പിൽ ആതിര സുരേന്ദ്രൻ 12.55 മീറ്റർ ചാടിയാണ് മൂന്നാമതെത്തിയത്. ഹരിയാനയുടെ രേണു 13.23 മീറ്ററോടെ സ്വർണമണിഞ്ഞു. ഉത്തർപ്രദേശിന്റെ കെ എം സോനം വെള്ളി നേടി. ഈ ഇനത്തിൽ ഒളിമ്പിക്സ് യോഗ്യതാ ദൂരം 14.32 മീറ്ററാണ്. അടുത്തമാസം തുടങ്ങുന്ന ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ് ഈ മീറ്റ്. ആദ്യ ദിനം ആർക്കും യോഗ്യത നേടാനായില്ല. 5000 മീറ്ററിൽ പരുൾ ചൗധരിയും (ഉത്തർപ്രദേശ്) ഹാമർത്രോയിൽ രാജസ്ഥാന്റെ മഞ്ജുബാലയും (61.08) സ്വർണം നേടി.
100 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ കനിമൊഴിക്കാണ് സ്വർണം. കേരളത്തിന്റെ ആൻറോസ് ടോമി അഞ്ചാമതായി. പുരുഷ വിഭാഗം പോൾവോൾട്ടിൽ ഉത്തർപ്രദേശിന്റെ ശേഖർകുമാർ പാണ്ഡെ സ്വർണം നേടി. 100 മീറ്ററിൽ കേരളത്തിന്റെ കെ പി അശ്വിൻ ഫെെനലിലെത്തി. വനിതകളുടെ 4–100 മീറ്റർ റിലേയിലും പുരുഷന്മാരുടെ 4–400 മീറ്റർ റിലേയിലും കേരളം ഫെെനലിൽ കടന്നു.