കൊച്ചി
സംസ്ഥാനത്തെ ഉൽപ്പന്നങ്ങളെ കേരള എന്ന ഒറ്റ ബ്രാൻഡിലേക്ക് കൊണ്ടുവന്ന് ആഗോള വിപണി കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളെ പുതിയ കാലത്തിന് അനുസരിച്ച് മികച്ച വ്യവസായ സൗഹൃദ കേന്ദ്രമാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച എംഎസ്എംഇ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സമീപിക്കുന്നവരെ മികച്ച സംരംഭകരാക്കി മാറ്റുന്നതരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വ്യവസായങ്ങളെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഉത്തരവാദിത്വ നിക്ഷേപമെന്ന കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. വ്യവസായ സൗഹൃദ റാങ്കിൽ സംസ്ഥാനത്തെ നിലവിലുള്ള ഇരുപതിൽനിന്ന് പത്താംസ്ഥാനത്തേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു. പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ പുതിയ സംവിധാനം ഒരുക്കുമെന്നും വനിതാ വ്യവസായത്തിന് പ്രത്യേക പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ചെറുകിട വ്യവസായ കോർപറേഷൻ മാർക്കറ്റിങ് ഡയറക്ടർ പി ഉദയകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹാം, എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ് ആദികേശവൻ, കെഎംഎ പ്രസിഡന്റ് ആർ മാധവ് ചന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം കെ ഹരികുമാർ, എംഎസ്എംഇ ഫോറം ചെയർമാൻ ബി ബാലഗോപാൽ, ഹോണററി സെക്രട്ടറി ജോമോൻ കെ ജോർജ് എന്നിവരും സംസാരിച്ചു.