മുംബൈ
ബാർ ഉടമകളിൽനിന്ന് 100 കോടിരൂപ കോഴവാങ്ങിയെന്ന കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന്റെയും അനുയായികളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അനിലിന്റെ നാഗ്പുരിലെ വസതി, മുംബൈയിൽ പിഎ കുന്ദൻ ഷിണ്ഡേ, പിഎസ് സഞ്ജീവ് പാലാണ്ഡെ വസതികൾ തുടങ്ങിയ ഇടങ്ങളിൽ റെയ്ഡ് നടന്നു. ഇഡി റെയ്ഡ് ബിജെപിയുടെ പകപോക്കലാണെന്ന് എൻസിപി ആരോപിച്ചു. നാലുകോടി രൂപ അനിലിന് നേരിട്ട് കൈമാറിയെന്ന് 10 ബാർ ഉടമകൾ അവകാശപ്പെട്ടെന്നും ഇതിൽ തെളിവുകൾ ശേഖരിക്കാനും മൊഴി രേഖപ്പെടുത്താനുമാണ് റെയ്ഡെന്നും ഇഡി വൃത്തങ്ങൾ അവകാശപ്പെട്ടു. സഞ്ജീവ് പാലാണ്ഡെയെ ഇഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു.
മുംബൈ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് മുഖ്യമന്ത്രി ഉദ്ദവ് താക്കറേക്കയച്ച കത്തിലാണ് ബാറുടമകളിൽനിന്ന് പണംപിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് അനിൽ നിർദേശിച്ചെന്ന് ആരോപിച്ചത്. ഇതിൽ ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് സിബിഐ കേസെടുത്തതിനു പിന്നാലെയാണ് ഇഡിയും കേസെടുത്തത്. ഏപ്രിലിൽ അനിൽ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. മുകേഷ് അംബാനിയുടെ വീടിനുസമീപം ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന്, കമീഷണർ പദവിയിൽനിന്ന് മാറ്റിയതിനു പിന്നാലെയാണ് പരംബീർ ആരോപണമുന്നയിച്ചത്. വിവാദ ഉദ്യോഗസ്ഥനായിരുന്ന അസി. ഇൻസ്പെക്ടർ സച്ചിൻ വാസെയെ 15 വർഷത്തിനുശേഷം സർവീസിൽ തിരിച്ചെടുത്തത് അനിലിന്റെ അറിവോടെയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. അംബാനിയുടെ വീടിനു സമീപം കാർ കൊണ്ടിട്ട കേസിൽ സച്ചിൻ വാസെ എൻഐഎയുടെ പിടിയിലായി.