ന്യൂഡൽഹി
മെഡിക്കൽ ഓക്സിജൻ വിതരണം കാര്യക്ഷമമാക്കാനുള്ള ശുപാർശകൾക്കായി സുപ്രീംകോടതി രൂപീകരിച്ച ദേശീയകർമസമിതി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് ഉൾപ്പെടുത്തി ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കർമസമിതി ശുപാർശകളിൽ ഭൂരിഭാഗവും ഇതിനകം നടപ്പാക്കിയെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. കേന്ദ്ര, സംസ്ഥാന തലങ്ങളിലും ആശുപത്രി തലത്തിലും ഓക്സിജൻ വിതരണം കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർമസമിതി ശുപാർശ ചെയ്തു. കേന്ദ്ര, സംസ്ഥാനതലങ്ങളിൽ ഓക്സിജിൻ ഉൽപ്പാദനവും സിലിണ്ടറുകളുടെ സംഭരണവും വർധിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഓക്സിജൻ മേൽനോട്ട സമിതി രൂപീകരിക്കണം. മേൽനോട്ടത്തിന് സംസ്ഥാന സമിതി ഉണ്ടാക്കണം. ഓക്സിജൻ ടാങ്കറുകൾ അതിവേഗം സംസ്ഥാനങ്ങൾക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം.
അടിയന്തരസാഹചര്യങ്ങൾ നേരിടാൻ, വ്യവസായിക ആവശ്യങ്ങൾക്ക് ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് സമീപം താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കണം. നൈട്രജൻപ്ലാന്റുകളെ ഓക്സിജൻ പ്ലാന്റുകളാക്കി മാറ്റാൻ സംവിധാനമൊരുക്കണം–- തുടങ്ങി നിരവധി ശുപാർശകൾ മെയ് ആറിനാണ് മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി മറികടക്കാനുള്ള ശുപാർശകൾ സമർപ്പിക്കാൻ സുപ്രീംകോടതി ദേശീയകർമസമിതി രൂപീകരിച്ചത്.