ന്യൂഡൽഹി
സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട അധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46–-ാം വാർഷികത്തിൽ രാജ്യം എത്തിനിൽക്കുന്നത് കൂടുതൽ ഗുരുതര അവസ്ഥയിൽ. അച്ചടക്കത്തിന്റെ പേരിൽ അന്ന് ഇന്ദിര ഗാന്ധി സർക്കാർ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചെങ്കിൽ ഇന്ന് വികസനത്തിന്റെയും സാംസ്കാരിക ദേശീയതയുടെയും മുഖംമൂടിയണിഞ്ഞ് പൗരസ്വാതന്ത്ര്യവും ജനാധിപത്യവും കശാപ്പ് ചെയ്യുന്നു. ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന വാഴ്ത്തലിനുപകരം പകരം ‘മോഡി ദൈവങ്ങളുടെ നേതാവ്’ എന്ന സ്തുതി ഉയരുന്നു.
ഭരണഘടന വ്യവസ്ഥകൾ ദുരുപയോഗം ചെയ്താണ് ഇന്ദിര ഗാന്ധി സർക്കാർ 1975 ജൂൺ 25 അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ സർക്കാരാകട്ടെ ഭരണഘടനതന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. അടിയന്തരാവസ്ഥയുടെ 21 മാസത്തിൽ പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചു. പൊതുതെരഞ്ഞെടുപ്പ് നീട്ടി. മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു. ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നിഷ്ഠുരമായി നേരിട്ടു. എന്നാൽ, ജനാധിപത്യബോധമുള്ള പോരാളികൾ നിർഭയം നിലകൊണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. വീണ്ടുമൊരിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണാധികാരികൾക്ക് ധൈര്യം ഉണ്ടാകാത്ത സ്ഥിതിയായി. കോൺഗ്രസിന്റെ രാഷ്ട്രീയത്തകർച്ചയ്ക്കും തുടക്കമായി.
നരേന്ദ്ര മോഡിസർക്കാർ വന്നശേഷം ജനാധിപത്യസ്ഥാപനങ്ങളെ ആസൂത്രിതമായി ദുർബലപ്പെടുത്തി. കേന്ദ്രമന്ത്രിസഭ പോലും നോക്കുകുത്തിയായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു. പാർലമെന്റ് ഏതാണ്ട് അപ്രസക്തമായി. പാർലമെന്റ് സമ്മേളനം നടത്തുന്നതിനെക്കാൾ സർക്കാരിനു താൽപര്യം പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിലാണ്. തെരഞ്ഞെടുപ്പ് കമീഷൻ സർക്കാരിന്റെ ഭാഗമായി മാറി. നീതിപീഠത്തെ സ്വാധീനിക്കാൻ സർക്കാർ ശ്രമിക്കുന്നു. സുപ്രീംകോടതി–-ഹൈക്കോടതി ജഡ്ജിമാർ പൊതുവേദിയിൽ പ്രധാനമന്ത്രിയെ സ്തുതിക്കുന്നു. കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ ജനദ്രോഹനയങ്ങളുടെ പ്രചാരകരായി. സർക്കാർനയങ്ങളെ വിമർശിക്കുന്നവരെ ‘രാജ്യദ്രോഹികളായി’ ചിത്രീകരിച്ച് വേട്ടയാടുന്നു. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുംനേരെ ആക്രമണങ്ങൾ പതിവായി. സാമൂഹ്യപ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുന്നത് വ്യാപകമായി.
നോട്ടുനിരോധനം പോലുള്ള നടപടികൾ വഴി ജനങ്ങളെ ദുരിതങ്ങളുടെ തടവുകാരാക്കി. ജമ്മു -കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വനിയമഭേദഗതിയും അമിതാധികാരപ്രയോഗത്തിന്റെയും വർഗീയഅജൻഡയുടെയും ഉദാഹരണങ്ങളാണ്.