ന്യൂഡൽഹി
ജമ്മു കശ്മീർ വിഷയത്തിൽ പെട്ടെന്നൊരു യോഗം വിളിക്കാൻ കേന്ദ്രത്തെ നിർബന്ധമാക്കിയത് അന്താരാഷ്ട്ര സമ്മർദമാകാമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽനിന്ന് അമേരിക്ക പിൻവാങ്ങുകയാണ്. അവിടെ താലിബാൻ ശക്തിപ്രാപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടാൻ യുഎസ് ആഗ്രഹിക്കുന്നുണ്ട്. നിയന്ത്രണരേഖയിലെ വെടിനിർത്തലും മറ്റും ലംഘിക്കപ്പെടാതെ പോകുന്നുണ്ട്. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റ സംഭവങ്ങളും ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റും മറ്റും കുറഞ്ഞു. യുഎസ് ഇടപെടൽ ഇക്കാര്യങ്ങളിലെല്ലാം പ്രകടമാണ്. ഇപ്പോഴത്തെ ചർച്ചയും അതിന്റെ തുടർച്ചയായിട്ടാകാം. ചർച്ചയെ സ്വാഗതം ചെയ്യുന്നു. ഇത് നേരത്തേ വേണ്ടിയിരുന്നു. ചർച്ചയുടെ ഫലം എന്താകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രശ്നങ്ങൾക്ക് അർഥവത്തായ പരിഹാരമുണ്ടാകണം. ചർച്ചയ്ക്ക് തയ്യാറായത് ഒരു നല്ല സൂചനയാണ്.
ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതൃത്വം ചർച്ചയുമായി സഹകരിക്കുകയും പക്വതയും ഉത്തരവാദിത്തവും പ്രകടമാക്കുകയും ചെയ്തു. കേന്ദ്രത്തിൽനിന്ന് ഉണ്ടാകേണ്ടതും ഇതേ പക്വതയും ഉത്തരവാദിത്തവുമാണന്നും യെച്ചൂരി പറഞ്ഞു.