ന്യൂഡൽഹി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽനിന്ന് ചില ദേശീയ രാഷ്ട്രീയ കക്ഷികൾ പിന്മാറിയതിൽ ആശങ്കയുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി ദേശാഭിമാനിയോട് പറഞ്ഞു. പ്രത്യേക പദവി ആവശ്യത്തിൽനിന്ന് കോൺഗ്രസ് നാടകീയമായി പിൻവാങ്ങിയതിനെയാണ് തരിഗാമി പരോക്ഷമായി വിമർശിച്ചത്. പ്രത്യേക പദവി ഉറപ്പുനൽകുന്ന 370–-ാം അനുച്ഛേദം ഭരണഘടനയിലെ താൽക്കാലിക വകുപ്പാണെങ്കിലും അത് എടുത്തുകളഞ്ഞത് നിയമവിരുദ്ധമായാണെന്ന് തരിഗാമി പറഞ്ഞു.
370–-ാം വകുപ്പ് എടുത്തുകളയാൻ നിയമനിർമാണസഭയുടെ കൂടി അനുമതി ആവശ്യമാണ്. നിയമസഭ ഇല്ലാതിരിക്കെ അന്ന് ഗവർണറുടെ അനുമതി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഗവർണർ നിയമനിർമാണ സഭയ്ക്ക് പകരമാകില്ല. ജമ്മു കശ്മീരിന് മാത്രമല്ല ഭരണഘടനാ പ്രത്യേക പദവി. ഭരണഘടനയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി 301 എ, ബി, സി, ഡി തുടങ്ങിയ വകുപ്പുകളുണ്ട്. നാഗാലാൻഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം ചർച്ചയാണ് നടത്തുന്നത്. എന്തുകൊണ്ട് കശ്മീരിന്റെ കാര്യത്തിൽ അതുണ്ടാകുന്നില്ല.
പ്രധാനമന്ത്രി വിളിച്ച യോഗത്തിലും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് എല്ലാ കക്ഷികളും ആവശ്യപ്പെട്ടത്. ഇപ്പോൾ വിളിച്ച യോഗം പ്രത്യേക പദവി എടുത്തുകളയുന്നതിന് മുമ്പ് വേണ്ടിയിരുന്നു. കശ്മീരിലെ സ്ഥിതിയിൽ ഒരു മാറ്റവുമില്ല. പ്രത്യേക പദവിയും സംസ്ഥാന പദവിയും ഇല്ലാതാക്കിയതിൽ കശ്മീരികളെല്ലാം ക്ഷുഭിതരാണ്.
മണ്ഡല പുനർനിർണയ കമീഷനുമായി സഹകരിക്കണമെന്നാണ് ആഭ്യന്തരമന്ത്രി യോഗത്തിൽ അഭ്യർഥിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പിലേക്കും ജനാധിപത്യ പുനഃസ്ഥാപനത്തിലേക്കും നീങ്ങാമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയം എന്തിനെന്ന് തങ്ങൾ ആരാഞ്ഞു. അസമിലും മണ്ഡല പുനർനിർണയം നടക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് മാറ്റിവച്ചു. എന്തിന് ജമ്മു -കശ്മീരിൽമാത്രം പുനർനിർണയം. ആദ്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും ശേഷം മതി തെരഞ്ഞെടുപ്പെന്നും ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയം ഏതെങ്കിലും മേഖലയ്ക്ക് പ്രതികൂലമാകില്ലെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളെല്ലാം ഗൗരവത്തിൽ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വിഷയങ്ങളും സർക്കാർ പരിശോധിക്കുമെന്നും എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും കാണാമെന്നും കൂടുതൽ യോഗങ്ങൾ ചേരാമെന്നും പ്രധാനമന്ത്രി അറിയിച്ചതായും തരിഗാമി പറഞ്ഞു.