ന്യൂഡൽഹി> രാജ്യത്ത് 24 മണിക്കൂറിൽ 51,667 പുതിയ രോഗികളും 1329 മരണവും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 50,069 രോഗികളായിരുന്നു. 6,27,057 പേർ ചികിത്സയിലുണ്ട്. 64,527പേർ രോഗമുക്തരായി. തുടർച്ചയായ 43–-ാം ദിവസവും പുതിയ രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തരായി. തുടർച്ചയായ 18–-ാം ദിവസവും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) അഞ്ച് ശതമാനത്തിലും താഴെ,- 2.91 ശതമാനം.
24 മണിക്കൂറിൽ 64.89 ലക്ഷം പേർക്ക് വാക്സിൻ നൽകി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 30.16 കോടി കടന്നു. കോവാക്സിൻ രണ്ട് മുതൽ 18 വയസ്സുവരെയുള്ളവരിൽ പരീക്ഷണാർഥം കുത്തിവയ്പ് തുടങ്ങി. നിരവധി കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും മാസങ്ങൾക്കുള്ളിൽ അതിന്റെ ഫലം അറിയാമെന്നും ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അറിയിച്ചു.
രാജ്യത്ത് നാൽപ്പതിലേറെ ഡെൽറ്റാ പ്ലസ് രോഗികൾ. ഡെൽറ്റാ പ്ലസ് വകഭേദത്തിന് എതിരെ നിലവിലെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണെന്ന് ഗവേഷണം നടത്തുമെന്ന് ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും അറിയിച്ചു.