വിൻഡോസ് 11 ൽ ടിക് ടോക്ക് പോലുള്ള ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നത് അപ്രതീക്ഷിതമായൊരു പ്രഖ്യാപനമായിരുന്നു. പുതിയ വിൻഡോസ് സ്റ്റോർ വഴി ആമസോൺ ആപ്പ്സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വിൻഡോസ് 11 കംപ്യൂട്ടറുകളിൽ ഉപയോഗിക്കാനാവും.
ആമസോൺ ആപ്പ് സ്റ്റോറിലെ ആപ്പുകൾ പുതിയ വിൻഡോസ് സ്റ്റോറിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവും. ഈ ആപ്പുകൾ ടാസ്ക്ബാറിൽ പിൻ ചെയ്തുവെക്കാനും മറ്റ് വിൻഡോസ് ആപ്പുകൾക്കൊപ്പം ഉപയോഗിക്കാനും സാധിക്കും. പുതിയ ഇന്റൽ ബ്രിഡ്ജ് സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
ഇന്റൽ വികസിപ്പിച്ചെടുത്ത സിസ്റ്റം ആണെങ്കിലും ഇന്റൽ സിപിയുകളിൽ മാത്രമല്ല എഎംഡി, Arm ബേസ്ഡ് പ്രൊസസറുകളിലും ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിക്കാനാവും.
യഥാർത്ഥത്തിൽ ആപ്പിൾ മാക്ക് ഓഎസിനെ വെല്ലുവിളിക്കുന്ന നീക്കമാണ് വിൻഡോസ് 11 നടത്തിയിരിക്കുന്നത്. രൂപകൽപനയിൽ പലയിടങ്ങളിലും അത് പ്രകടമാണ്.
ടിക് ടോക്ക് പോലുളള ആപ്പുകൾ വിൻഡോസ് 11 ൽ പ്രവർത്തിക്കുന്നത് മൈക്രോസോഫ്റ്റ് പ്രദർശിപ്പിച്ചിരുന്നു. റിങ്, യാഹൂ, ഉബർ പോലുള്ള ആപ്പുകൾ ഇക്കൂട്ടത്തിൽ പെടും.