ന്യൂഡൽഹി
കോവിഡ് അടച്ചിടൽ കാലത്തുപോലും ഡൽഹിയിലും ലഖ്നൗവിലും പരിധിവിട്ട് അന്തരീക്ഷ മലിനീകരണം. 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള കണങ്ങളുടെ സാന്നിധ്യം പരിഗണിച്ചാണ് മലിനീകരണതോത് കണക്കാക്കുന്നത്. ഇത്തരം കണികകൾ ഘനമീറ്റർ വായുവിൽ 40 മൈക്രോഗ്രാമിൽ കൂടുതലാകരുതെന്നാണ് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ. എന്നാൽ, 2019 മാർച്ച്–-മെയ് കാലത്ത് ഡൽഹിയിൽ ഇത് 95.6 മൈക്രോഗ്രാം ആയിരുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 69 ആയി കുറഞ്ഞുവെങ്കിലും ഇക്കൊല്ലം വീണ്ടും 95 മൈക്രോഗ്രാമായി ഉയർന്നു.
ലഖ്നൗവിൽ മലിനീകരണ തോത് ഈ കാലയളവുകളിൽ യഥാക്രമം 103, 92, 79.6 മൈക്രോഗ്രാം വീതമായിരുന്നു. വാഹനയോട്ടം കുറഞ്ഞതും ഫാക്ടറികൾ നിശ്ചലമായതുമാണ് ലോക്ഡൗൺ കാലത്ത് മലിനീകരണം അൽപം കുറയാൻ കാരണമെന്ന് സിഎസ്ഐആർ(സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച്) മുഖ്യ ശാസ്ത്രജ്ഞൻ ജി സി കിസ്കു പറഞ്ഞു. എന്നാൽ, വീടുകളിൽനിന്നുള്ള പുക, മാലിന്യങ്ങൾ കത്തിക്കൽ, ഡീസൽ ജനറേറ്ററുകൾ, കൽക്കരി ഇന്ധനമായ താപവൈദ്യുത നിലയങ്ങൾ എന്നിവ കോവിഡ്കാലത്തും മലിനീകരണം രൂക്ഷമാക്കി.