കൊച്ചി
രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനയെ കവരത്തി പൊലീസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മൂന്നാംതവണയാണ് കവരത്തി പൊലീസ് ആയിഷയെ ചോദ്യംചെയ്യുന്നത്. രണ്ടരമണിക്കൂർ ചോദ്യംചെയ്യൽ നീണ്ടുനിന്നു. മടങ്ങാൻ അനുമതി ലഭിച്ചതിനാൽ കോവിഡ് പരിശോധനയ്ക്കുശേഷം ശനിയാഴ്ച കൊച്ചിയിലേക്ക് തിരിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് ആയിഷ സുൽത്താന ചോദ്യംചെയ്യലിനായി കവരത്തി പൊലീസിൽ ഹാജരായത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വെള്ളിയാഴ്ച അവസാന വിധി പറയും. മുമ്പ് കേസ് പരിഗണിച്ചപ്പോൾ കവരത്തി പൊലീസിൽ ഹാജരാകാൻ നിർദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് നിർദേശിച്ചിരുന്നു.
ആയിഷ സുൽത്താന കോവിഡ്
മാനദണ്ഡം ലംഘിച്ചെന്ന് അധികൃതർ
കവരത്തിയിൽ ചോദ്യം ചെയ്യലിന് ഹാജരായ സിനിമാ സംവിധായിക ആയിഷ സുൽത്താന കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ദ്വീപ് അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ദ്വീപ് സന്ദർശിക്കുന്നവർ ഒരാഴ്ച നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻമാത്രമാണ് ഇളവുള്ളതെന്നും ആയിഷയെ നോഡൽ ഓഫീസർ നേരിട്ടറിയിച്ചിട്ടും നിയന്ത്രണം പാലിച്ചില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇരുപതാംതീയതി ഏതാനുംപേർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായ ആയിഷ, ചോദ്യം ചെയ്യലിനുശേഷം ആളുകളുമായി ഇടപഴകുകയും മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുകയും ആളുകളുമായി ചർച്ച നടത്തുകയും ചെയ്തു.ആയിഷയ്ക്ക് കലക്ടർ നോട്ടീസ് നൽകിയെന്നും ഇടക്കാല ഉത്തരവിൽ കോടതി നൽകിയ സംരക്ഷണം അവർ ദുരുപയോഗം ചെയ്തെന്നും ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അധികൃതർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.