ബംഗളൂരു
അടുത്ത (2023) നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം മുറുകുന്നു. പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറുമായുള്ള പോര് കടുപ്പിച്ചും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ അനുകൂലിച്ചും ഒരു വിഭാഗം എംഎൽഎമാർ രംഗത്തെത്തിയിരുന്നു. താൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിട്ടില്ല, തന്നെയാരും അത്തരത്തിൽ ഉയർത്തിക്കാട്ടരുതെന്ന് സിദ്ധരാമയ്യ വ്യാഴാഴ്ച പ്രതികരിച്ചു. ചില എംഎൽഎമാരുടെ പ്രതികരണം സിദ്ധരാമയ്യ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ പാർടി ഇടപെടുമെന്നും ബുധനാഴ്ച ശിവകുമാർ പ്രതികരിച്ചിരുന്നു. എന്തു ചെയ്യണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
സമീർ അഹമ്മദ് ഖാൻ, രാഘവേന്ദ്ര ഹിദ്നാൽ, ജെ എൻ ഗണേഷ്, ഭീമ നായിക്, എസ് രാമപ്പ, ആർ അഖന്ദ ശ്രീനിവാസ് മൂർത്തി എന്നീ എംഎൽഎമാരാണ് പരസ്യമായി സിദ്ധരാമയ്യയെ പിന്തുണച്ച് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കുന്നത് വെറും ഭ്രമകൽപനയാണെന്ന് എംഎൽഎ പ്രിയങ്ക് ഖാർഗെ പറഞ്ഞു.