കൊൽക്കത്ത
ബംഗാളിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ പദവി മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് ലഭിക്കാതിരിക്കാൻ തൃണമൂൽ തന്ത്രം. ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയ മുകുൾ റോയിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് നീക്കം. മുകുൾ എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല. ഇപ്പോഴും നിയമസഭയിൽ സാങ്കേതികമായി ബിജെപി അംഗമാണ്. കൂറുമാറ്റ നിയമപ്രകാരം അംഗത്വം നഷ്ടപ്പെടാതിരിക്കാനും തന്ത്രങ്ങൾ മെനയുന്നുണ്ട്.
നിയമസഭയിലെ അംഗബലമനുസരിച്ച് പിഎസിയിൽ 20 പേരാണുണ്ടാവുക. ഭരണകക്ഷിയായ തൃണമൂലിന് 14ഉം പ്രതിപക്ഷമായ ബിജെപിക്ക് ആറും ലഭിക്കും. കൂടുതൽ നാമനിർദേശ പത്രിക ഉണ്ടായാൽ തെരഞ്ഞെടുപ്പ് വേണ്ടിവരും.
സാങ്കേതികമായി ബിജെപിക്കാരനായി മുകുൾ റോയിയും പത്രിക നൽകി. ഡാർജിലിങ്ങിലെ തൃണമൂൽ സ്വതന്ത്ര എംഎൽഎയുടെ പിന്തുണയോടെയാണ് പത്രിക നൽകിയത്. ഇതനുസരിച്ച് 21 പേർ രംഗത്ത് വരും. തൃണമൂൽ പിന്തുണയ്ക്കുന്നതോടെ മുകുൾ റോയി തെരഞ്ഞെടുക്കപ്പെടും. പ്രതിപക്ഷ അംഗമെന്ന നിലയിൽ സ്പീക്കർക്ക് റോയിയെ ചെയർമാനായി നിർദേശിക്കാം. ബിജെപി മുകുളിനെ പുറത്താക്കിയാൽ നിയമസഭാഗത്വം നഷ്ടമാകാതെ രക്ഷപ്പെടാം. സ്പീക്കറുടെ പിന്തുണയോടെ പിഎസി ചെയർമാനായി തുടരുകയും ചെയ്യാം. മുകുളിനെ തൃണമൂൽ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിച്ചു.