ന്യൂഡൽഹി
കശ്മീർ വിഷയത്തിൽ കേന്ദ്രം വിളിച്ച രാഷ്ട്രീയ പാർടികളുടെ യോഗത്തിൽ പ്രത്യേക പദവിയും സംസ്ഥാനപദവിയും പുനഃസ്ഥാപിക്കൽ, നിയമസഭാ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തൽ, രാഷ്ട്രീയ തടവുകാരെ വിട്ടയക്കൽ, ഭൂസംരക്ഷണവും തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തൽ, പാകിസ്ഥാനുമായി ചർച്ച നടത്തൽ, വ്യാപാരം പുനഃസ്ഥാപിക്കൽ, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം തുടങ്ങി നിരവധി വിഷയങ്ങളാണ് ഉയർന്നത്.
പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ താഴ്വരയിലെ ജനങ്ങൾക്കുള്ള വികാരം ഗുപ്കാർ സഖ്യം പാർടികൾ ശക്തമായി അവതരിപ്പിച്ചു. കേന്ദ്രത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ നഷ്ടമായതെന്നും പ്രത്യേക പദവി പുനഃസ്ഥാപിച്ച് കശ്മീർ ജനതയുടെ മനസ്സിനേറ്റ മുറിവുണക്കണമെന്നും ഗുപ്കാർ സഖ്യം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പുനൽകിയ കേന്ദ്രം എന്നാൽ സംസ്ഥാന പദവി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയില്ല. പ്രത്യേക പദവിയെക്കുറിച്ച് പരാമർശിക്കാനും തയ്യാറായില്ല. കശ്മീരിൽ അശാന്തി തുടരുന്ന സാഹചര്യവും അന്താരാഷ്ട്ര സമ്മർദവുമാണ് പ്രത്യേക പദവി എടുത്തുകളഞ്ഞ് 22 മാസത്തിനുശേഷം യോഗം വിളിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കിയത്. കശ്മീരിൽ ജനാധിപത്യ പ്രക്രിയക്ക് തുടക്കമിടുകയാണെന്ന സന്ദേശം ലോകത്തിന് നൽകുകയാണ് ലക്ഷ്യം. എന്നാൽ, ഇതിന് മുമ്പുള്ള മണ്ഡല പുനർനിർണയം പല കാരണങ്ങളാലും സംശയാസ്പദമാണ്.
ജസ്റ്റിസ് രഞ്ജന ദേശായിയെയാണ് മണ്ഡല പുനർനിർണയ കമീഷനായി ചുമതലപ്പെടുത്തിയത്. മാർച്ചിൽ കമീഷന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഈ കമീഷനുമായി സഹകരിക്കണമെന്ന് കേന്ദ്രം അഭ്യർഥിച്ചു.കശ്മീരിലെ ജനങ്ങളുടെ വികാരങ്ങളും വിചാരവും യോഗത്തിൽ അവതരിപ്പിച്ചുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ഗുപ്കാർ സഖ്യം വക്താവുമായ മുഹമദ് യൂസഫ് തരിഗാമി പറഞ്ഞു. പ്രത്യേക പദവി വിഷയത്തിലുള്ള പ്രതിഷേധവും പ്രക്ഷോഭവും തുടരുമെന്നും വ്യക്തമാക്കി.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ആദ്യം വേണ്ടതെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും പാകിസ്ഥാനുമായുള്ള വ്യാപാരം പുനരാരംഭിക്കുകയും വേണമെന്ന് മെഹ്ബൂബ പറഞ്ഞു. സംസ്ഥാനപദവി, തെരഞ്ഞെടുപ്പ് നടത്തൽ, ഭൂഉടമസ്ഥത ഉറപ്പാക്കൽ, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, രാഷ്ട്രീയ തടവുകാരെ വിട്ടയക്കൽ എന്നീ വിഷയങ്ങൾ ഉന്നയിച്ചെന്ന് ഗുലാംനബി പറഞ്ഞു.
ബിജെപി നേതാക്കളായ രവീന്ദർ റെയ്ന, കവീന്ദർ ഗുപ്ത, നിർമൽ സിങ്, കോൺഗ്രസ് നേതാക്കളായ ജി എ മിർ, താരാ ചന്ദ്, പീപ്പിൾസ് കോൺഫറൻസിന്റെ സജാദ് ലോൺ, അപ്നി പാർടിയുടെ മുസഫർ ഹുസൈൻ ബെയ്ഗ്, പാന്തേഴ്സ് പാർടിയുടെ ഭീം സിങ് എന്നിവരും രാഷ്ട്രീയ പാർടികളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.