ന്യൂഡൽഹി
കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരായ കർഷകപ്രക്ഷോഭം ശനിയാഴ്ച ഏഴു മാസം പിന്നിടുകയാണ്. ഡൽഹി അതിർത്തി കേന്ദ്രീകരിച്ച് 2020 നവംബർ 26നാണ് കർഷക സംഘടനകൾ ദേശീയപാതകൾ ഉപരോധിച്ചുള്ള അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. കൊടുംതണുപ്പിനെയും കടുത്ത ചൂടിനെയും ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നീക്കങ്ങളെയും സർക്കാർ അനുകൂല മാധ്യമങ്ങളുടെ അപവാദ പ്രചാരണങ്ങളെയുമെല്ലാം അതിജീവിച്ചാണ് സമരം മുന്നേറുന്നത്. വൻ ജനപങ്കാളിത്തത്തോടെ ഇത്രയധികം നീണ്ടുനിൽക്കുന്ന സമരം സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമാണ്. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭമെന്നതിനപ്പുറം കോർപറേറ്റ് അനുകൂല തീവ്രവലതു സാമ്പത്തികനയങ്ങൾക്കെതിരായ പൊതു സമരമുഖമായി കർഷകസമരം. ട്രേഡ് യൂണിയനുകളും യുവജന–– വിദ്യാർഥി–- വനിതാ സംഘടനകളുമെല്ലാം പിന്തുണയുമായി രംഗത്തുണ്ട്.
‘കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ച കർഷകസംഘടനകൾ രാജ്യവ്യാപകമായി രാജ്ഭവനുകൾ ഉപരോധിക്കും. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 46–-ാമത് വാർഷികദിനം എന്നതുകൂടി പരിഗണിച്ചാണ് രാജ്യവ്യാപക പ്രതിഷേധം. മോഡി സർക്കാരിനു കീഴിൽ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടി. രാജ്ഭവൻ ഉപരോധത്തിനൊപ്പം രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർമാർക്ക് കൈമാറും. ജില്ല, താലൂക്ക് തലങ്ങളിലും പ്രതിഷേധമുണ്ടാകും. രണ്ടാം കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുതുടങ്ങിയതിനാൽ സമരം വീണ്ടും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
കർഷകരുമായി ചർച്ചയ്ക്ക് ഒരുക്കമാണെങ്കിലും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിലാണ് കർഷകസംഘടനകൾ. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരം ശക്തമാക്കാനാണ് കർഷകസംഘടനകൾ തീരുമാനിച്ചത്. കേരളം, ബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുപിയിലെയും പഞ്ചാബിലെയും തദ്ദേശതെരഞ്ഞെടുപ്പിലും ബിജെപിക്കേറ്റ തിരിച്ചടി കർഷകസമരത്തിന്റെകൂടി വിജയമായി സംഘടനകൾ കണക്കാക്കുന്നു.