നെടുമങ്ങാട്
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംഘടിപ്പിക്കുന്ന ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്എസ്എസില് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
ആദ്യഘട്ടത്തിൽ 20,000 വീട്ടിലാണ് പദ്ധതി നടപ്പാക്കുന്നത്. പഠനോപകരങ്ങൾ, പാഠപുസ്തകങ്ങൾ, ലൈബ്രറി പുസ്തകം, സമപ്രായക്കാരുമായി സഹകരണാത്മക സംവാദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം, പുതിയ അറിവുകൾ നേടാനും സ്വന്തം അറിവുകൾ തിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം എന്നിവ എല്ലാ കുട്ടികളുടെയും വീടുകളിൽ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലാണ് കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകർ നടത്തുക. തീരദേശ, ആദിവാസി, മലയോര മേഖലകളിലെ കുട്ടികൾക്ക് പദ്ധതിയിൽ മുൻഗണന ലഭിക്കും.
സ്കൂൾതല ജനകീയ സമിതികളും പ്രത്യേക വളന്റിയർ സേനയും രൂപീകരിച്ച് പദ്ധതി സംസ്ഥാനത്തെമ്പാടും വ്യാപിപ്പിക്കാൻ എല്ലാ അധ്യാപകരും രംഗത്ത് ഇറങ്ങണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി വേണുഗോപാലൻ അധ്യക്ഷനായി. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ ജയദേവൻ വിദ്യാഭ്യാസ വളന്റിയർ സേനയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.