ബുഡാപെസ്റ്റ്
ഫുട്ബോൾ ശരിക്കുമൊരു ഇന്ദ്രജാലംതന്നെ. പോർച്ചുഗലിനെതിരായ മത്സരശേഷം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാം പറഞ്ഞു. ആ ഇന്ദ്രജാലം വിരിഞ്ഞത് ബുഡാപെസ്റ്റിൽമാത്രമല്ല മ്യൂണിക്കിലുമുണ്ട്. ബുഡാപെസ്റ്റിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് പോർച്ചുഗലിനെ നേരിട്ടപ്പോൾ ജർമനി മ്യൂണിക്കിൽ ഹംഗറിയുമായി കൊമ്പുകോർത്തു.
ഗ്രൂപ്പ് എഫ് കളിക്കുമുമ്പേ മരണഗ്രൂപ്പെന്ന് അറിയപ്പെട്ടു. അവസാനകളികൾ തുടങ്ങുമ്പോൾ രണ്ടു കളിയിൽ നാല് പോയിന്റുമായി ഫ്രാൻസായിരുന്നു മുന്നിൽ. ജർമനിക്ക് മൂന്ന് പോയിന്റും രണ്ടാംസ്ഥാനവും. പോർച്ചുഗലിന് മൂന്ന്, ഹംഗറിക്ക് ഒന്ന്.
കളി ഓരോ നിമിഷവും പുരോഗമിക്കുന്തോറും ആരു പുറത്താകുമെന്ന ഉദ്വേഗം ശക്തമായി. ഗോളിനനുസരിച്ച് ഗ്രൂപ്പിലെ സ്ഥാനങ്ങൾ മാറിമറിഞ്ഞു. 11–-ാംമിനിറ്റിൽ മ്യൂണിക് മാത്രമല്ല ഞെട്ടിയത്. ആദംസലായിയുടെ ഗോൾ ഹംഗറിയെ മുന്നിലെത്തിച്ചു. ഗ്രൂപ്പിൽ ഫ്രാൻസിനുപിന്നിൽ ഹംഗറി രണ്ടാമതെത്തി. പോർച്ചുഗൽ മൂന്നാമത്. ജർമനി നാലാമതായി പുറത്തേക്കുള്ള വഴിയിലും.
30–-ാംമിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോർച്ചുഗൽ ലീഡ് നേടുകയും ഗ്രൂപ്പിൽ ഒന്നാമതെത്തുകയും ചെയ്തു. ഫ്രാൻസ്, ഹംഗറി, ജർമനി ടീമുകൾ പിന്നിലും. 45–-ാംമിനിറ്റിൽ കരീം ബെൻസമ ഫ്രാൻസിന് സമനില സമ്മാനിച്ചു. ഒന്നാംസ്ഥാനവും. പോർച്ചുഗൽ, ഹംഗറി, ജർമനി പിന്നിൽ.
47–-ാംമിനിറ്റിൽ ബെൻസമ വീണ്ടും ഗോളടിച്ചതോടെ പോർച്ചുഗൽ നാലാംസ്ഥാനത്തേക്ക് വീണു. ഫ്രാൻസിനുപിറകിൽ ഹംഗറിയും ജർമനിയും. 60–-ാംമിനിറ്റിൽ റൊണാൾഡോയുടെ ഗോൾ. ഏറ്റവുമധികം ഗോളടിച്ച കളിക്കാരുടെ പട്ടികയിൽ ഒപ്പമെത്തി. ഒപ്പം ഫ്രാൻസിനുപിന്നിൽ രണ്ടാമതായി മുന്നേറി. ജർമനി ഹംഗറിക്കുപിന്നിൽ നാലാമത്.
66–-ാംമിനിറ്റിൽ ജർമനിക്ക് ജീവൻകിട്ടി സമനില ഗോൾ. ഫ്രാൻസിനുപിറകിൽ രണ്ടാംസ്ഥാനം പോർച്ചുഗൽ മൂന്നും ഹംഗറി നാലും. 68–-ാംമിനിറ്റിൽ വീണ്ടും ഹംഗറി ഗോളടിച്ചു. അവർ രണ്ടാമതെത്തി. ജർമനിയുടെ നില വീണ്ടും പരുങ്ങലിലായി. പോർച്ചുഗലിനും പിന്നിൽ നാലാമത്.
84–-ാംമിനിറ്റിൽ ജർമനി സമനില നേടി. ഒപ്പം പ്രീക്വാർട്ടർ ടിക്കറ്റും. ഫ്രാൻസും ജർമനിയും ആദ്യ രണ്ട് സ്ഥാനക്കാരായി അവസാന 16ൽ സ്ഥാനംപിടിച്ചു. മികച്ച നാല് മൂന്നാംസ്ഥാനക്കാരിൽ ഒന്നായി പോർച്ചുഗലും കയറി.