ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാന ബോർഡുകളുടെ 12–-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ 10 ദിവസത്തിനുള്ളിൽ മൂല്യനിർണയ പദ്ധതി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി. ജൂലൈ 31നുള്ളിൽ 12–-ാം ക്ലാസ് ഫലം പുറത്തുവിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ ബോർഡും വ്യത്യസ്ഥവും സ്വയംഭരണ സ്വഭാവമുള്ളതുമായതിനാൽ എല്ലാ സംസ്ഥാനബോർഡിനും ഒറ്റ മൂല്യനിർണയപദ്ധതിയെന്ന ആശയം ഫലപ്രദമല്ലെന്ന് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ച് പറഞ്ഞു. 12–-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന പൊതുതാൽപ്പര്യഹർജിയാണ് കോടതി പരിഗണിച്ചത്.
കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ 12–-ാം ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കി. ആന്ധ്രപ്രദേശ് ഒഴിച്ചുള്ള സംസ്ഥാനങ്ങൾ പരീക്ഷകൾ നടത്തില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. വിശദീകരണത്തിന് ആന്ധ്ര സമയം ആവശ്യപ്പെട്ടതിനാൽ കേസ് വെള്ളിയാഴ്ചത്തേക് മാറ്റി.