ബുഡാപെസ്റ്റ്
ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്രവും തമ്മിൽ ഒരു ഗോളകലം മാത്രം. രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരനാകാൻ പോർച്ചുഗൽ ക്യാപ്റ്റന് ഒറ്റ ഗോൾ മതി. ഫ്രാൻസിനെതിരായ ഇരട്ടഗോളോടെ ഇറാന്റെ അലി ദേയിക്കൊപ്പമെത്തി–- 109 ഗോൾ. ഈ യൂറോയിൽ മൂന്നു കളിയിൽ അഞ്ചുവട്ടമാണ് റൊണാൾഡോ വല കണ്ടത്. യൂറോയിലെ മികച്ച സ്കോറർ, ലോകകപ്പിലും യൂറോയിലുംകൂടി ഏറ്റവും കൂടുതൽ ഗോളടിച്ച താരം. റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ് മുപ്പത്താറുകാരൻ.
രാജ്യാന്തര കുപ്പായത്തിൽ പുരുഷൻമാരിൽ അലിയും റൊണാൾഡോയും മാത്രമാണ് 90ൽ കൂടുതൽ ഗോളടിച്ചത്. 1993 മുതൽ 2006 വരെയാണ് അലി ഇറാനായി കളിച്ചത്. 149 മത്സരങ്ങളിൽനിന്നാണ് 109 ഗോൾ. ബയേൺ മ്യൂണിക്, ഹെർതാ ബർലിൻ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായും അലി പന്തുതട്ടിയിട്ടുണ്ട്. 2003 ആഗസ്ത് 20ന് കസാഖ്സ്ഥാനെതിരെയായിരുന്നു റൊണാൾഡോയുടെ പോർച്ചുഗൽ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞുനോക്കിയില്ല. 2004 യൂറോയിൽ ഗ്രീസിനെതിരെയായിരുന്നു ആദ്യഗോൾ. ഇതുവരെ 178 കളികൾ. പറങ്കി കുപ്പായത്തിൽ അവസാന 45 കളിയിൽ 48 ഗോളാണ് നേടിയത്.
ലോകകപ്പിലും യൂറോയിലുമായി 21 ഗോളായി റോണോയ്ക്ക്. 19 എണ്ണമുള്ള ജർമനിയുടെ മിറോസ്ലാവ് ക്ലൊസെയെ മറികടന്നു. അഞ്ച് യൂറോയിലും നാല് ലോകകപ്പിലുമാണ് റൊണാൾഡോ പങ്കാളിയായത്.
പെൺകരുത്ത്
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഖ്യാതി വനിതാ താരത്തിനാണ്. ക്യാനഡയുടെ ക്രിസ്റ്റീനെ സിൻക്ലെയറാണ് റെക്കോഡുകാരി. 299 കളിയിൽ 186 ഗോളാണ് ഈ മുപ്പത്തെട്ടുകാരി അടിച്ചുകൂട്ടിയത്. കളി മതിയാക്കിയിട്ടുമില്ല. പുരുഷ കളിക്കാരേക്കാൾ ഗോളടിക്കാൻ മിടുക്കികളാണ് വനിതകൾ. 17 വനിതാ താരങ്ങൾ രാജ്യാന്തര കുപ്പായത്തിൽ നൂറിൽ കൂടുതൽ ഗോളടിച്ചിട്ടുണ്ട്.