യൂറോയിലെ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും കെെയടി നേടിയാണ് ഹംഗറി മടങ്ങുന്നത്. മരണഗ്രൂപ്പിൽ ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നിവരെ വിറപ്പിച്ചാണ് ഫെറങ്ക് പുസ്കാസിന്റെ പിൻഗാമികൾ അവസാനിപ്പിച്ചത്
മ്യൂണിക്
യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലിനോട് 85–-ാം മിനിറ്റുവരെ പിടിച്ചുനിന്നശേഷം മൂന്ന് ഗോളിന്റെ തോൽവി. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ 1‐1ന് പിടിച്ചുകെട്ടി. മുൻ ചാമ്പ്യൻമാരായ ജർമനിയോട് 84–-ാം മിനിറ്റുവരെ മുന്നിട്ടുനിന്നശേഷം 2‐2ന്റെ സമനില. മരണഗ്രൂപ്പിൽ എല്ലാ വമ്പൻമാരെയും വിറപ്പിച്ചശേഷം ഹംഗറി മടങ്ങി. ബുഡാപെസ്റ്റിലെ കാണികൾ നൽകിയ ഊർജത്തിലായിരുന്നു തുടക്കത്തിൽ ഹംഗറിയുടെ പ്രകടനം. അവസാന കളി ജർമൻ തട്ടകമായ മ്യൂണിക്കിലായിട്ടും ഹംഗറി അതേവീറ് നിലനിർത്തി. ജർമനിക്കെതിരെ രണ്ടുതവണയും മുന്നിലെത്തിയശേഷമാണ് അവർ സമനില വഴങ്ങിയത്. ഹംഗറി ജയിച്ചിരുന്നെങ്കിൽ ജർമനിക്ക് നോക്കൗട്ട് കാണാതെ മടങ്ങേണ്ടിവന്നേനെ.
ഒരുഘട്ടത്തിൽ ഫ്രാൻസിനോട് കളിക്കുകയായിരുന്ന പോർച്ചുഗലും ഞെട്ടി. ജർമനിയെ ഉന്നംവച്ചുള്ള വെടി പോർച്ചുഗലിന്റെ ചങ്കും തുളക്കുമായിരുന്നു. മ്യൂണിക്കിൽ ഹംഗറിയും ബുഡാപെസ്റ്റിൽ ഫ്രാൻസും ലീഡ് നേടിയ ഘട്ടത്തിലായിരുന്നു ഇത്. എന്നാൽ, രണ്ടു കളിയും സമനിലയിൽ അവസാനിച്ചതോടെ ഹംഗറിയുടെ വഴിയടഞ്ഞു. ജർമനിക്കെതിരെ ഇറങ്ങുമ്പോൾ ഹംഗറിയുടെ ഓർമകളിൽ 1954 ലോകകപ്പുമുണ്ടായിരുന്നു. ബ്രസീൽ ആദ്യമായി മഞ്ഞയും കോളറിൽ പച്ചയുമുള്ള ജഴ്സിയുമായി ഇറങ്ങിയ ലോകകപ്പ്. ആ ബ്രസീലിനെ ഹംഗറി തീർത്തത് 4‐2ന്. പശ്ചിമ ജർമനിയെ ആദ്യറൗണ്ടിൽ തോൽപ്പിച്ചത് 8‐3ന്. ഫൈനലിൽ 2‐0ന് ഇതേ ജർമനിക്കെതിരെ മുന്നിട്ടുനിന്ന ഫെറെങ്ക് പുസ്കാസിന്റെ സംഘം ഒടുവിൽ 2‐3ന് തോറ്റു.
വർഷങ്ങൾക്കിപ്പുറം മ്യൂണിക്കിൽ ചരിത്രംകുറിക്കാനുള്ള അവസരമായിരുന്നു ഹംഗറിക്ക്. കളി തുടങ്ങി 11–-ാംമിനിറ്റിൽ സലായിയുടെ ഹെഡർ അവരെ മുന്നിലെത്തിച്ചു. പുസ്കാസിന്റെ പിൻമുറക്കാർ ജർമൻ ആക്രമണനിരയെ ആദ്യപകുതിയിൽ ഗോൾമുഖത്തേക്ക് അടുപ്പിച്ചതുപോലുമില്ല. വട്ടമിട്ട് പറന്ന ജർമൻനിര 66–-ാം മിനിറ്റിലാണ് ഹവേർട്ട്സിലൂടെ ഒപ്പമെത്തിയത്.
തളർന്നില്ല ഹംഗറി. നിമിഷങ്ങൾക്കുള്ളിൽ ഷാഫെർ എന്ന മധ്യനിരക്കാരൻ ഹംഗറിയെ വീണ്ടും മുന്നിലെത്തിച്ചു. ഇങ്ങ് ബുഡാപെസ്റ്റിൽ ഫ്രാൻസ്‐പോർച്ചുഗൽ കളി കാണാനെത്തിയ കാണികൾ ആ വാർത്തയറിഞ്ഞ് ആനന്ദനൃത്തം ചവിട്ടി. ഓരോ നിമിഷവും അവർ നെഞ്ചിടിപ്പോടെ കടന്നുപോയി. ഒടുവിൽ പകരക്കാരനായി എത്തിയ ലിയോൺ ഗൊറെസ്ക കളി തീരാൻ നാലു മിനിറ്റ് ശേഷിക്കെ ഹംഗറിയുടെ ഹൃദയം തകർത്തു. ബുഡാപെസ്റ്റ് കരഞ്ഞു.