ജമ്മു
ഇന്ത്യാ– പാക് അതിർത്തിയിൽ വൻ മയക്കുമരുന്നുവേട്ട. 27 കിലോ ഹെറോയ്ൻ ബിഎസ്എഫ് പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 135 കോടിയോളം രൂപ വിലവരും. ഓപ്പറേഷനിടെ ഒരു പാക് കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടു. കത്വ ജില്ലയിലെ പൻസാർ ഔട്ട്പോസ്റ്റിലാണ് സംഭവം. സീറോ ലെെൻ കടന്നുവന്ന കള്ളക്കടത്തുസംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതോടെ വെടിവയ്ക്കുകയായിരുന്നു. മയക്കുമരുന്ന് ഒരു കിലോ വീതമുള്ള പാക്കറ്റുകൾ തുണിയിൽ പൊതിഞ്ഞ് പെെപ്പ് വഴി ഇന്ത്യയിലേക്ക് കടത്താനായിരുന്നു നീക്കം. ജനുവരിയിൽ ഇതേ ഔട്ട്പോസ്റ്റിനുസമീപം പാക് തീവ്രവാദികൾ നിർമിച്ച തുരങ്കം ബിഎസ്എഫ് തകർത്തിരുന്നു.