ബീജിങ്
നിർമാണത്തിലുള്ള ചൈനയുടെ ബഹിരാകാശ നിലയത്തിലെ മൂന്ന് യാത്രികരുമായി ആശയവിനിമയം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബീജിങ് എയ്റോസ്പേസ് കൺട്രോൾ സെന്ററിൽനിന്നാണ് ജിൻപിങ് നീ ഷെയ്ഷെങ്, ലിയു ബോമിങ്, ടാങ് ഹോങ്ബോ എന്നിവരുമായി സംസാരിച്ചത്. അഞ്ച് മിനിറ്റ് നീണ്ട സംഭാഷണം ടിവി ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തു. രാജ്യത്തിനായി മൂവരും നൽകുന്ന സേവനത്തിന് പ്രസിഡന്റ് നന്ദി പറഞ്ഞു. മാനവരാശി ബഹിരാകാശം സമാധാനപരമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുന്നതിൽ ടിയാന്ഗോങ് നിലയം നിർണായക പങ്ക് വഹിക്കും. ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. നിലയത്തിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി.
ചൈനീസ് കമ്യൂണിസ്റ്റ് പാർടി അംഗങ്ങളായ മൂന്ന് യാത്രികരും രാജ്യം നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഷെൻഛോ 12 പേടകത്തിൽ 17നാണ് ഇവർ ടിയാൻഗോങ്ങിൽ എത്തിയത്. ബഹിരാകാശ നിലയം സ്വന്തമായി നിർമിക്കുന്ന ഏകരാജ്യമാണ് ചൈന.